ആത്മവിശ്വാസം ഉണ്ടെങ്കിൽ വിജയിക്കാം: സി.വി. ആനന്ദബോസ്
1487022
Saturday, December 14, 2024 6:14 AM IST
പത്തനാപുരം: ആത്മവിശ്വാസം കൈമുതലാക്കിയാല്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ പലതും സാധ്യമാകുമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. പത്തനാപുരം ഗാന്ധിഭവന് അഭയകേന്ദ്രത്തിന്റെ 21-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹജീവിസ്നേഹത്തിന്റെ മഹത്തായ മാതൃകയാണ് ഗാന്ധിഭവന് വരച്ചുകാട്ടുന്നത്. ജന്മം തന്ന മാതാപിതാക്കളെ ഗാന്ധിഭവന് പോലുള്ള അഭയകേന്ദ്രങ്ങളില്‍ ഉപേക്ഷിക്കുന്ന മക്കള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഒരു വസ്തുതയുണ്ട്, അമ്മയാണ് ഒരു കുഞ്ഞിന്റെ ആദ്യ ഗുരു. മാതാവ് നല്കുന്ന സന്ദേശമാണ് ആ കുട്ടി ലോകത്തിന് പകരുന്നത്. മനുഷ്യജീവിതത്തില്‍ അമ്മ എന്ന ബന്ധത്തിന് മറ്റെന്തിനേക്കാളും വിലയുണ്ട്.
സത്യത്തിന്റെ ചുവടുപിടിച്ച് ഒരോ മക്കളേയും അവരാഗ്രഹിക്കുന്ന വിദ്യാഭ്യാസവും പ്രാഥമിക അറിവുകളും നല്കി ചുവടുറപ്പിക്കാന്‍ ഓരോ അമ്മയും കഷ്ടപ്പെടുന്നു.
ആദരവും ബഹുമാനവും നല്കാന് തയാറാകാത്ത ഇന്നത്തെ തലമുറ മറന്നുപോകുന്നത് ആ സ്നേഹമാണ്. ആ സ്നേഹത്തിന്റെ അളക്കാനാവാത്ത മഹത്ത്വമാണ് അമ്മമാരെ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഓരോ മക്കളും നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതവഴിയില്‍ വീണുപോയവര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിച്ച ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് ഗവര്‍ണറുടെ എക്സലന്‍സ് അവാര്‍ഡ് നല്കി ഗവര്‍ണര്‍ ആദരിച്ചു.
ഗാന്ധിഭവന്റെ 21ാം വാര്‍ഷിക ഭാഗമായി സാമൂഹ്യസേവനരംഗത്തെ സംഭാവനകള്‍ക്ക് എസ്ഐപ്രോപ്പര്ട്ടി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ക്കും കാര്‍ഷികമേഖലയ്ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ക്ക് ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന് ചെയര്‍മാനും ലേബര്‍ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകനുമായ വി.ജെ. ജോര്‍ജ് കുളങ്ങരയ്ക്കും ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ 25000 രൂപയും ഫലകവും അടങ്ങുന്ന ദേശീയ അവാര്‍ഡ് ഗവര്‍ണര്‍ സമ്മാനിച്ചു.
സാംസ്കാരിക പ്രവര്‍ത്തകനും ഗാന്ധിഭവന് രക്ഷാധികാരിയുമായ കെ. പുനലൂര്‍ കെ. ധര്മരാജന് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്, കേണല്‍ എസ്. ഡിന്നി, ഗാന്ധിഭവന് ചെയര്‍പേഴ്സണ്‍ ഡോ. ഷാഹിദാ കമാല്‍ എന്നിവര്‍ പ്രസംഗിച്ചു.