വയനാട് ദുരന്തം; പ്രേമചന്ദ്രൻ ലോകസഭയിൽ ആവശ്യം ഉന്നയിച്ചു
1487054
Saturday, December 14, 2024 6:29 AM IST
കൊല്ലം: വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കണക്കാക്കി മുൻഗണന നൽകി പ്രത്യേക പാക്കേജ് അനുവദിച്ച് ആശ്വാസ ധനസഹായം എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം പി ലോകസഭയിൽ ആവശ്യപ്പെട്ടു.
കേരളം നിബന്ധനകൾ പ്രകാരമുള്ള വിവരങ്ങൾ യഥാസമയം നൽകിയില്ലെന്ന് കേന്ദ്രവും കേന്ദ്രം വിവേചനം കാണിക്കുകയാണെന്ന് കേരളവും പരസ്പരം പഴിചാരി വിഷയത്തെ ലഘൂകരിക്കുകയാണ്. അതിതീവ്രമായ ദുരന്തത്തേയും ദുരന്തം അനുഭവിക്കുന്ന ഇരകളേയും രാഷ്ട്രീയ വിഷയമായി കണക്കാക്കി പുനരധിവാസം വൈകിപ്പിക്കുന്നത് നീതിനിഷേധമാണ്.
ദുരന്ത നിവാരണ നിയമത്തിന്റെ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു എംപി. നിയമ ഭേദഗതിയിൽ ജീവനോപാധി പുനസ്ഥാപിക്കാൻ വ്യവസ്ഥയില്ലാത്തത് ഇരകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതാണ്. അന്തസായി ജീവിക്കാൻ ജീവനോപാധി പുനസ്ഥാപിക്കാൻ പര്യാപ്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണം.
മണിപ്പൂരിന് സമാനമായ ദുരന്തങ്ങളുടെ ഇരകളെ ഒഴിവാക്കുന്ന നിയമഭേദഗതി അംഗീകരിക്കാവുന്നതല്ല. ഗുജറാത്ത്, മണിപ്പൂർ ദുരന്തങ്ങൾക്ക് സമാനമായ ദുരന്തങ്ങളെ മനുഷ്യ നിർമിത ദുരന്തങ്ങളായും ആഭ്യന്തര പ്രശ്നങ്ങളായും കണക്കിലെടുത്ത് ഇരകൾക്ക് ദുരിതാശ്വാസം നൽകാതിരിക്കുന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ഒഴിവാക്കണം.
ദുരന്തത്തിന് ഇരയാകുന്നവരുടെ ബാങ്ക് വായ്പകളിൽ ഇളവ് നൽകാനും പുതിയ വായ്പകൾക്ക് പ്രത്യേക നിബന്ധനകൾ ഉൾപ്പെടുത്താനുള്ള നിയമത്തിലെ വ്യവസ്ഥകൾ ഒഴിവാകുന്നത് ഇരകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.
വ്യവസ്ഥകൾ ഒഴിവാക്കുന്ന പകരം വായ്പകൾ എഴുതി തള്ളാനും പലിശരഹിത പുതിയ വായ്പകൾ അനുവദിക്കാനുമാണ് വ്യവസ്ഥകൾ വേണ്ടതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം പി ലോക സഭയിൽ ആവശ്യപ്പെട്ടു.