നമ്മൾ പ്രഘോഷിക്കുന്ന വിശ്വാസം ജീവിതബന്ധിയാകണം: മാർ തോമസ് തറയിൽ
1487248
Sunday, December 15, 2024 5:48 AM IST
ആയൂർ: നമ്മൾ പ്രഘോഷിക്കുന്ന വിശ്വാസം നമ്മുടെ ജീവിതത്തിന്റെ ആത്മീയതയായി മാറണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.
ആയൂർ ക്രിസ്തുരാജാ പള്ളിയിൽ ചങ്ങനാശേരി അതിരൂപത കൊല്ലം- ആയൂർ ഫൊറോനാ കൗൺസിലിന്റെ ഏകദിന സെമിനാർ ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്.
സഭയേയും സമുദായത്തെയുംകുറിച്ച് നാം ശരിയായ ബോധ്യമുള്ളവരായിരിക്കണം. നമ്മുടെ കുടുംബ ജീവിതം സാക്ഷ്യമായി മാറണം. സ്വാർഥത വെടിഞ്ഞ് സ്നേഹത്തിലധിഷ്ഠിതമായ പങ്കുവയ്പിന്റെ ജീവിതശൈലി സ്വായത്തമാക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.
കൊല്ലം - ആയൂർ ഫൊറോനാ കൗൺസിലിന്റെ നേതൃത്വത്തിൽ ഫൊറോനയിലെ 20 ഇടവകകളിലെ വിശ്വാസികൾ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ആർച്ച് ബിഷപ് മാർ തോമസ് തറയിലിനെ ഫൊറോനാ കൗൺസിൽ സെക്രട്ടറി ജെനു അനന്തകാട്ട്,
ഫൊറോനയിലെ 20 പള്ളികളിലെ വൈദികർ, സന്യസ്തർ, പേപ്പൽ പതാകവഹിച്ച ഇടവക കൈക്കാരന്മാർ, സൺഡേ സ്കൂൾ കുട്ടികൾ, വിവിധ സംഘടനാ ഭാരവാഹികൾ, വിശ്വാസികൾ എന്നിവർ ചേർന്ന് ക്രിസ്തു രാജാ പള്ളിയിലേയ്ക്ക് ആനയിച്ചു.
ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലിൽ മെഴുകുതിരി നൽകി ദേവാലയ കവാടത്തിൽ സ്വീകരിച്ചു.
പാരീഷ്ഹാളിൽ ഫൊറോനാ കൗൺസിൽ, കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃത്വത്തിൽ പഠന ശിബിരം നടത്തി. അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിയിൽ ക്ലാസ് നയിച്ചു.
അഞ്ച് ഗ്രുപ്പുകളായി തിരിഞ്ഞ് ചർച്ചകൾ നടത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർ ജോസി ജോസഫ് കടന്തോട്, കൗൺസിൽ സെക്രട്ടറി ജെനു തോമസ് അനന്തകാട്ട്, വിവിധ കമ്മറ്റിഅംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.