ആശ്രയയിൽ നിന്ന് സർഫറാസ് ആലം ബീഹാറിലേക്ക് മടങ്ങി
1487265
Sunday, December 15, 2024 6:01 AM IST
കൊട്ടാരക്കര: ഉലഞ്ഞുപോയ മനസുമായി വീട് വിട്ടിറങ്ങിയ ബീഹാറുകാരനായ യുവാവ് ആശ്രയ സങ്കേതത്തിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങി. ബീഹാർ ബറുരാജ് ഗ്രാമവാസിയായ സർഫറാസ് ആലമാണ് ( 25 ) സഹോദരനോടൊപ്പം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത്.
മാസങ്ങൾക്കു മുന്പ് മുഷിഞ്ഞ വസ്ത്രവും ധരിച്ച് തകർന്നു പോയ മനസുമായി എംസി റോഡിലൂടെ അലഞ്ഞു നടക്കുന്നത് ആശ്രയ മീഡിയ മാനേജർ അരുൺദാസിന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് സങ്കേതത്തിലേയ്ക്ക് കൂട്ടികൊണ്ടുവരികയുമായിരുന്നു.
ആശ്രയയിലെ മനോരോഗവിദഗ്ധരുടെ നിരന്തര പരിശ്രമം സർഫറാസിന്റെ ഓർമകളിലേക്ക് വെളിച്ചം നിറച്ചു. തന്റെ നാടിനെക്കുറിച്ച് അവൻ നൽകിയ സൂചന വച്ച് നടത്തിയ അന്വേഷണത്തിൽ ബിഹാറിലെ കുടുംബാംഗങ്ങളെ കണ്ടെത്തുകയായിരുന്നു. ചെന്നൈയിൽ ബി ടെക് സിവിൽ വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയ സർഫറാസ് സ്വന്തം നാട്ടിൽ യുപിഎസ് സി പരിശീലനത്തിനോടൊപ്പം വിദ്യാർഥികൾക്ക് ട്യൂഷനും എടുക്കുകയായിരുന്നു. എന്നാൽ ചില തെറ്റായ കൂട്ടുകെട്ടിൽപെട്ട് ലഹരിയ്ക്ക് അടിമയായി വീട് വിട്ടിറങ്ങുകയായിരുന്നു.
ഡൽഹി, മുംബൈ, കൊൽക്കത്ത, ബാഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞു നടന്നതിന് ശേഷമായിരുന്നു സർഫറാസ് കേരളത്തിലെത്തിയത്. ഇയാളെ കാൺമാനില്ലെന്നു കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി കാത്തിരിക്കുന്നതിനിടയിലാണ് കലയപുരം ആശ്രയയിൽ നിന്ന് അവരെ ബന്ധപ്പെടുന്നത്.
തുടർന്ന് സഹോദരൻ മുഹമ്മദ് ഗുലാം വാരിസ് സങ്കേതത്തിലെത്തി സർഫറാസിനെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, മിനി ജോസ്, ട്രഷറർ കെ.ജി. അലക്സാണ്ടർ, ജനറൽ സൂപ്രണ്ട് വർഗീസ് മാത്യു, മറ്റ് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സർഫറാസിനെ നാട്ടിലേയ്ക്ക് യാത്രയാക്കി.