മലയോര മേഖലയിൽ കനത്ത മഴ: കുറ്റാലം, പാലരുവി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
1487017
Saturday, December 14, 2024 6:14 AM IST
ആര്യങ്കാവ്: കനത്ത മഴപെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലെ കുറ്റാലം, ആര്യങ്കാവിലെ പാലരുവി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രണ്ടുസ്ഥലങ്ങളിലും വെള്ളമൊഴുക്ക് കൂടുതല്‍ ശക്തിയായതോടെയാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുംവരെ വിനോദ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്.
തെങ്കാശി, തിരുനെൽവേലി ജില്ലകളില്‍ പ്രാധാനപാതകളില്‍ അടക്കം വെള്ളം കയറി. ചിലയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ന്നതോടെ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധവും തകര്‍ന്നു. മഴയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ തടസപ്പെട്ട വൈദ്യുതി ബന്ധം, ഗതാഗതം എന്നിവ പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ജില്ലയുടെ കിഴക്കന്‍ മേഖലയിലും കനത്ത മഴപെയ്തു. മഴ കനത്തതോടെ അച്ചൻകോവില്‍, കഴുതുരുട്ടിയാറുകളില് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തി. ഇടപ്പാളയം ലക്ഷംവീട് ഭാഗം വെള്ളപ്പൊക്ക ഭീഷണിയിലായി. അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയോര മേഖലയിലൂടെയുള്ള രാത്രികാല യാത്രകള്‍ക്കും അധികൃതര്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. എങ്ങും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു