ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിലേയ്ക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ
1487046
Saturday, December 14, 2024 6:25 AM IST
പുനലൂർ: ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീ ധർമശാസ്താ ക്ഷേത്രങ്ങളിലേയ്ക്കുള്ള തിരുവാഭണ ഘോഷയാത്ര നാളെ രാവിലെ 9.30 ന് പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.
രാവിലെ ഏഴിന് സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ദേവസ്വം അധികൃതരുടേയും ഉപദേശക സമിതി ഭാരവാഹികളുടേയും സാന്നിധ്യത്തിൽ പുറത്തെടുത്ത് ക്ഷേത്രത്തിൽ പ്രത്യേകമായി അലങ്കരിച്ച പന്തലിൽ ഭക്തർക്ക് ദർശനത്തിന് അവസരം നൽകും.
തുടർന്ന് 9.30 ന് വ്രതനിഷ്ഠയോടെ എത്തിയ അയ്യപ്പഭക്തർ തിരുവാഭരണ പേടകങ്ങൾ തലച്ചുമടായി അലങ്കരിച്ച വാഹനങ്ങളിൽ എത്തിച്ച് കേരളാ - തമിഴ് നാട് പോലീസ്, ദേവസ്വം അധികൃതർ, ക്ഷേത്ര ഉപദേശക സമിതി, നൂറുകണക്കിന് വാഹനങ്ങൾ,
താലപ്പൊലി, മുത്തുക്കുട, പഞ്ചവാദ്യം, ആന എന്നിവയുടെ അകമ്പടിയിൽ ഘോഷയാത്രയായി നഗരത്തിൽ കെഎസ്ആർടിസി, ഭീമാ ജുവലേഴ്സ്, തൂക്കുപാലം, അയ്യപ്പ സേവാസംഘം മറ്റ് സന്നദ്ധ സംഘടനകൾ, ക്ഷേത്രോപദേശക സമിതി എന്നിവയുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തെന്മല വഴി ആര്യങ്കാവ് ക്ഷേത്രത്തിലെത്തും. തുടർന്ന് തിരുവാഭരണം ഇറക്കി വച്ച് ഘോഷയാത്ര തമിഴ്നാട്ടിലെ കോട്ടവാസൽ, ചെങ്കോട്ട, തെങ്കാശി, പമ്പിളി, മേക്കര, തിരുമലക്കോവിൽ വഴി വൈകുന്നേരം 6.30 ന് അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിച്ചേരും.
തിരുവാഭരണം ഇരുക്ഷേത്രങ്ങളിലെയും ദേവന്മാർക്ക് ചാർത്തുന്നതോടെ ക്ഷേത്രോത്സവത്തിന് ആരംഭമാകും. നാളെ നടക്കുന്ന തിരുവാഭരണ ഘോഷയാത്ര ചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി പുനലൂരിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പ് അസി. കമ്മീഷണർ ജെ. ഉണ്ണികൃഷ്ണൻ നായർ, ആഘോഷ കമ്മറ്റി രക്ഷാധികാരികളായ എൻ. വേണുഗോപാൽ, പി.ജി. വാസുദേവനുണ്ണി, എസ്. മണികണ്ഠൻ, ബി. വിജയൻ പിള്ള (ചെയർമാൻ) ബി. ജ്യോതിനാഥ് (കൺവീനർ) എം. ശ്രീരാജ്, ബി. പ്രമോദ് കുമാർ (പബ്ലിസിറ്റി കൺവീ നേഴ്സ്)എന്നിവർ പങ്കെടുത്തു.