സിപിഎം ജില്ലാ കമ്മിറ്റിയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ചാത്തന്നൂരിൽ നിന്ന്
1487023
Saturday, December 14, 2024 6:14 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റിയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ചാത്തന്നൂർ ഏരിയാ കമ്മിറ്റിയിൽ നിന്ന്. 46 അംഗ ജില്ലാ കമ്മിറ്റിയിലേയ്ക്ക് 44 പേരെയാണ് ഇപ്പോൾ തെരഞ്ഞെടുത്തത്. ഇതിൽ അഞ്ചുപേർ ചാത്തന്നൂരിൽ നിന്നാണ്. കൊല്ലം ജില്ലയിൽ സിപിഎമ്മിന് 18 ഏരിയാ കമ്മിറ്റികളാണുള്ളത്.
ഇതിൽ പ്രശ്നങ്ങൾ ഉണ്ടായ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്ന് ആരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റ് 17 ഏരിയാ കമ്മിറ്റികളിൽ നിന്നും 44 പേരെ തെരഞ്ഞെടുത്തതിലാണ് അഞ്ചുപേരും ചാത്തന്നൂർ ഏരിയായിൽ നിന്നുള്ളവരായത്.
ജില്ലാ സമ്മേളന ചർച്ചകളിൽ ചാത്തന്നൂർ ഏരിയായിൽ നിന്നുള്ള പ്രതിനിധികൾ മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് മറ്റ് ഏരിയാ കമ്മിറ്റികൾ ചൂണ്ടിക്കാട്ടിയിരുന്നു. നേതൃത്വത്തെയോ പാർട്ടി നിലപാടുകളെയോ സംസ്ഥാന ഭരണത്തെയോ വിമർശിക്കാത്ത നിലപാടായിരുന്നു ചാത്തന്നൂർ ഏരിയായിൽ നിന്നുള്ള പ്രതിനിധികളുടെത്.
44 അംഗ ജില്ലാ കമ്മിറ്റിയിൽ ചാത്തന്നൂരിൽ നിന്നും മുൻ ഏരിയാ സെക്രട്ടറിയും സിഐടിയു ജില്ലാ പ്രസിഡന്റുമായ ബി. തുളസിധരക്കുറുപ്പ്, ഏരിയാ സെക്രട്ടറിയായിരുന്ന കെ. സേതുമാധവൻ, നിലവിലെ ഏരിയാ സെക്രട്ടറി പി.വി. സത്യൻ, മുൻ ജില്ലാ കമ്മിറ്റി അംഗം വി. ജയപ്രകാശ്, എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആദർശ് എം. സജി എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ ഉള്ളത്.
ആദർശ് എം. സജി ഒഴികെയുള്ള മറ്റ് നാലുപേരും കഴിഞ്ഞ ജില്ലാ കമ്മിറ്റിയിലും അംഗങ്ങളായിരുന്നു. ആദർശ് എം. സജി നേരിട്ടാണ് എസ്എഫ്ഐ യിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേയ്ക്ക് എത്തുന്നത്.
ബി. തുള സിധരക്കുറുപ്പ്, കെ. സേതുമാധവൻ, വി. ജയപ്രകാശ്, പി.വി. സത്യൻ എന്നിവർ എസ്എഫ്ഐ , ഡിവൈഎഫ്ഐ എന്നീ സംഘടനകളിലും സിപിഎമ്മിലും ദീർഘകാലം പ്രവർത്തിച്ച് പഞ്ചായത്ത്, സഹകരണ ബാങ്ക് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ച ശേഷമാണ് ഏരിയാ സെക്രട്ടറിമാരായതും ജില്ലാ കമ്മിറ്റിയിൽ എത്തിയതും.
എസ്എഫ്ഐ യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ ആദർശ് എം. സജി നേരിട്ടാണ് ജില്ലാ കമ്മിറ്റിയിൽ എത്തിയത്. ജില്ലാ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് 28 കാരനായ ആദർശ് എം സജി.
എസ്എഫ്ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലെത്തുന്ന ചാത്തന്നൂരിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് ആദർശ് എം. സജി, എസ്എഫ്ഐ യുടെ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ഭാരവാഹിയുമായിരുന്ന ഫിലിപ്പ് എം. പ്രസാദാണ് ചാത്തന്നൂരിൽ നിന്ന് ആദ്യമായി എസ്എഫ്ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലെത്തിയത്. ഫിലിപ് എം. പ്രസാദ് പിന്നീട് നക്സൽ ആശയങ്ങളിൽപ്പെട്ട് സിപിഎമ്മിൽ നിന്ന് കൂടുമാറിയിരുന്നു.
കൊല്ലം എസ്എൻ കോളജിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദം പൂർത്തീകരിച്ച് നിലവിൽ ഡൽഹിയിൽ രണ്ടാംവർഷ നിയമ വിദ്യാർഥിയാണ് ആദർശ് എം. സജി. 2014 ൽ എസ്എഫ്ഐ ചാത്തന്നൂർ ലോക്കൽ കമ്മിറ്റി പ്രസിഡന്റ്, 2015 മുതൽ ചാത്തന്നൂർ ഏരിയ പ്രസിഡന്റായും തുടർന്ന് 2017 വരെ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു.
എസ്എൻ കോളജ് വിദ്യാർഥിയായിരിക്കെ 2017 -2018 കാലയളവിൽ കേരള സർവകലാശാല ജനറൽ സെക്രട്ടറിയായി. 2018 ൽ ജില്ലാ സെക്രട്ടറിയും തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റും പിന്നീട് കേന്ദ്ര കമ്മിറ്റി അംഗവുമായി.
2022 മുതൽ ഡൽഹിയിൽ പ്രവർത്തിക്കുന്നു. ചാത്തന്നൂർ താഴം മുല്ലത്താനത്ത് എം. സജിയുടെയും സുജാ സജിയുടെയും മകനാണ്. കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗം ചിന്താ ജെറോമായിരുന്നു. ഇത്തവണ അവർ ജില്ലാ കമ്മിറ്റിയിൽ ഇല്ല.