ഏരൂരിൽ കാട്ടുപന്നി ആക്രമണം; കാല്‍നട യാത്രികനായ വയോധികന് പരിക്ക്
1485843
Tuesday, December 10, 2024 6:31 AM IST
അഞ്ചൽ: കാല്‍നട യാത്രികനായ വയോധികന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ഏരൂര്‍ ആർച്ചലിലാണ് സംഭവം. ആർച്ചൽ ചരുവിള വീട്ടിൽ ശശിധരൻ (72) ആണ് പരിക്കേറ്റത്.
പന്നിയുടെ ആക്രമണം കൈ കൊണ്ട് തടയാൻ ശ്രമിച്ചതോടെ ശശിധരന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരുതവണ ആക്രമിച്ചിട്ട് പോയ പന്നി തിരികെയെത്തി വീണ്ടും ആക്രമിച്ചു. ഈ സമയം ശശിധരന്റെ ബഹളം കേട്ട് പരിസരവാസികൾ എത്തിയാണ് പന്നിയെ വിരട്ടി ഓടിച്ചത്.
പരിക്കേറ്റ ശശിധരനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽഅസ്ഥിരോഗ വിഭാഗം ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള വന്യജീവി ആക്രമണത്തില്‍ നാട്ടുകാര്‍ വലിയ ഭീതിയിലാണ്. ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.