വീടുകളിൽ എത്തിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു
1485841
Tuesday, December 10, 2024 6:31 AM IST
ചാത്തന്നൂർ: മാനസിക വെല്ലുവിളി നേരിടുന്നുവെന്ന് കരുതുന്ന യുവാവ് മാരകായുധവുമായി വീടുകളിൽ എത്തി പരിഭ്രാന്തി സൃഷ്ടിച്ചു.
നാട്ടുകാർ കൂടിയതോടെ ഉപയോഗശൂന്യമായ ജലസംഭരണിയിൽ കയറിഒളിച്ചു. പിന്തുടർന്നെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ചശേഷം കൊട്ടിയം പോലീസിൽ അറിയിച്ചു. പോലീസ് എത്തി ജലസംഭരണിയിൽ ഒളിച്ചിരുന്ന യുവാവിനെ സ്റ്റേഷനിലേക്കു കൊണ്ടു പോയി.
ഞായറാഴ്ച രാവിലെ10 ന് മൈലക്കാട് കാഞ്ഞിരംകടവ് ഭാഗത്തായിരുന്നു സംഭവം. സമീപത്തെ ഒരു വീട്ടിൽ എത്തിയ യുവാവ് വീട്ടുകാരെ മാരകായുധം കാട്ടി ഭീഷണിപ്പെടുത്തി. പിന്നീട് മറ്റു വീടുകളിലും എത്തി പരാക്രമം തുടരുകയായിരുന്നു.
ഇതേ തുടർന്നാണ് നാട്ടുകാർ ഒത്തു കൂടിയതും യുവാവ് ജലസംഭരണിയിൽ കയറി ഒളിച്ചിരുന്നതും. ഇയാൾ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജോസ് ജോബ് (29) ആണെന്ന് പോലീസ് പറഞ്ഞു.
പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ യുവാവിനെ വീട്ടുകാരെ വിളിച്ചു വരുത്തി അവർക്കൊപ്പം വിട്ടു. അതേസമയം ഇയാളിൽ നിന്ന് മാരകായുധം ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കും കണ്ടെത്തി.
ഒരാഴ്ച മുമ്പ് മൈലക്കാട് ഭാഗത്ത് മോഷ്ടാക്കൾ എത്തിയതിന്റെ ഭയപ്പാടിലാണു നാട്ടുകാർ.
അതിനിടെയാണ് ഇന്നലത്തെ സംഭവം ഉണ്ടായത്. അതേസമയം നാട്ടുകാർ പിടികൂടിയ യുവാവിനെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.