പൊതുവഴിയിലെ കൈയേറ്റം ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1485840
Tuesday, December 10, 2024 6:31 AM IST
കൊല്ലം:അപൂർവ രോഗം ബാധിച്ചവരുടെ ഗതാഗതത്തിനായിസർക്കാർ പുറമ്പോക്ക് വഴിയിലെ കൈയേറ്റം രണ്ടു മാസത്തിനകം ഒഴിപ്പിച്ച് പഴയ വഴി പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ രോഗം ബാധിച്ചയാളിനും സഹോദരങ്ങൾക്കും ഉൾപ്പെടെ ഗതാഗതത്തിനായി അഞ്ചാലുംമൂട് പൊതുമരാമത്ത് റോഡിൽ നിന്ന് കടവൂർ ക്ഷേത്രത്തിന് തെക്കു ഭാഗത്തുള്ള വഴി തുറക്കാനാണ് ഉത്തരവിട്ടത്.
കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി കൊല്ലം നഗരസഭാ സെക്രട്ടറിക്കും ഭൂരേഖാ തഹസിൽദാർക്കുമാണ് നിർദേശം നൽകിയത്. നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം കമ്മീഷനിൽ ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു.പരാതിക്കാരന്റെ വീട്ടിലേക്ക് മഴക്കാലത്ത് കടവൂർ പള്ളിവേട്ട ചിറയിലൂടെ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയില്ലെന്നാണ് പരാതി.
അഞ്ചാലുംമൂട് റോഡിൽ നിന്ന് കടവൂർ ക്ഷേത്രത്തിന്റെ തെക്കു മാറിയുള്ള വഴിയിലെ കൈയേറ്റം ഒഴിപ്പിച്ചാൽ പരാതിക്കാരനും 20 ഓളം കുടുംബങ്ങൾക്കും യാത്ര ചെയ്യാൻ കഴിയുമെന്ന് പരാതിയിൽ പറയുന്നു. പരിസരവാസികൾ വഴി കൈയേറി മതിൽകെട്ടി അടച്ചിരിക്കുകയാണ്.
വഴിക്ക് ഇരുവശവുമുള്ള കൈയേറ്റം കണ്ടെത്താൻ ഭൂരേഖാ തഹസിൽദാർക്ക് നിരവധി കത്തുകൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൊല്ലം നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ കൊല്ലത്ത് നടന്ന സിറ്റിംഗിൽ ഹാജരായ തഹസിൽദാർ വഴിയിൽ കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെന്നും അവ ഒഴിപ്പിക്കുന്നതിന് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. തൃക്കടവൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 2 റീസർവേ നമ്പർ 443-1140 ആർ ഭൂമിയിലാണ് വഴി കണ്ടെത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നഗരസഭാ സെക്രട്ടറിയും കൊല്ലം തഹസിൽദാറും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും വഴിയിൽ കൈയേറ്റം നടന്നതായി കണ്ടെത്തിയതിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി. അനോൾഡ് ആൽബർട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.