കോർപ്പറേഷൻ ദുർഭരണം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങണം: ഷിബു ബേബി ജോൺ
1485839
Tuesday, December 10, 2024 6:31 AM IST
കൊല്ലം: കൊല്ലം കോർപ്പറേഷനിലെ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഷിബു ബേബിജോൺ.
ആർഎസ്പി പാൽകുളങ്ങര ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷമായി കൊല്ലം കോർപ്പറേഷൻ ഭരിക്കുന്ന എൽഡിഎഫ് ഭരണത്തിന് യാതൊരു മികവും അവകാശപ്പെടാനില്ലെന്നും കോർപ്പറേഷൻ ഓഫീസ് അഴിമതിയുടെ താവളമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ, മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. സംസ്ഥാന സമിതി അംഗം എം.എസ്. ഗോപകുമാർ, ജില്ലാ കമ്മിറ്റി അംഗം ഡി.എസ്. സുരേഷ്, കിളികൊല്ലൂർ ലോക്കൽ സെക്രട്ടറി എ.കെ.വേണു, മണ്ഡലം കമ്മിറ്റി അംഗം എം.പി. സുനിൽ എന്നിവർ പ്രസംഗിച്ചു. ഏഴ് വർഷമായി തകർന്നു കിടക്കുന്ന പുളിയത്തുമുക്ക്, കല്ലുംതാഴം റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമ്മേളനം പ്രമേയം പാസാക്കി.