കൊല്ലം കെപിഎസ്ടിഎ ഭവൻ ഉദ്ഘാടനം ഏഴിന്
1484908
Friday, December 6, 2024 6:32 AM IST
കൊല്ലം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി തേവള്ളിയിൽ പണികഴിപ്പിച്ച കെപിഎസ്ടിഎ ഭവന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്. ശ്രീഹരി ട്രഷറർ ബിജുമോൻ എന്നിവർ അറിയിച്ചു.
ജില്ലയിലെ അധ്യാപകരിൽ നിന്ന് ധനസമാഹരണം നടത്തി 2022 ൽ തേവള്ളിയിൽ വസ്തു വാങ്ങുകയും കെട്ടിട നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കെപിഎസ്ടിഎ ഭവന്റെ ഒന്നാം നിലയിൽ അന്തരിച്ച കെപിഎസ്ടിഎ മുൻ ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥിന്റെ സ്മരണാർഥം ഹാളും പൂർത്തീകരിച്ചിട്ടുണ്ട്.
കെപിഎസ്ടിഎ ഭവന്റെ ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും പ്രേംനാഥ് സ്മാരക ഹാളിന്റെ ഉദ്ഘാടനം എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎയും നിർവഹിക്കും. ജില്ലയിലെ മുൻകാല കെപിഎസ്ടിഎ നേതാക്കളെ ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആദരിക്കും.
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും കെപിഎസ്ടിഎയുടെ സംസ്ഥാന ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി നടത്തിയ വിവിധ മത്സര വിജയിച്ചവരെ സമ്മേളനത്തിൽ ആദരിക്കും.