പേരയം പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
1484905
Friday, December 6, 2024 6:32 AM IST
കുണ്ടറ: മാലിന്യ സംസ്കരണ പ്രക്രിയയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി പേരയം പഞ്ചായത്തും ഹരിത കേരള മിഷനും ചേർന്ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ 12 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളുമാണ് ഹരിത സഭയിൽ പങ്കെടുത്തത്. മാലിന്യ സംസ്കരണം, ഹരിത കർമ സേന പ്രവർത്തനം, വാർഡ്തല ശുചീകരണ സമിതി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് കുട്ടികൾ എഴുതി ഉന്നയിച്ച സംശയങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് മറുപടി നൽകി.
വിദ്യാർഥികൾ പേരയം എംസിഎഫ് സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കി. പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി സി. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു.
വികസന സ്ഥിരം അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് പാപ്പച്ചൻ, പഞ്ചായത്തംഗങ്ങളായ ആലീസ് ഷാജി, പി. രമേശ് കുമാർ, ലത ബിജു, ബി. സുരേഷ് എന്നിവർ പ്രസംഗിച്ചു.