സുസ്ഥിര വികസനത്തിന് കൃത്യമായ ലക്ഷ്യങ്ങൾ വേണം: മുഖ്യമന്ത്രി
1484901
Friday, December 6, 2024 6:25 AM IST
ചവറ: സുസ്ഥിര വികസനം സംബന്ധിച്ച് കൃത്യമായ ലക്ഷ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷ ഭാഗമായി ‘സുസ്ഥിര നിർമാണം - നൂതന സാങ്കേതികതയും സമ്പ്രദായങ്ങളും’ എന്ന വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്ഡ് കൺസ്ട്രക്ഷൻ സംഘടിപ്പിച്ച മൂന്നു ദിവസത്തെ യുഎൻ അന്താരാഷ്ട്ര സുസ്ഥിര നിർമാണ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്രസഭ 2030-ലേക്കു പ്രഖ്യാപിച്ചിട്ടുള്ള 17 സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒന്നാം സ്ഥാനത്താണു കേരളം. അതിൽ നിന്ന് ഇനിയും നമുക്ക് ഏറെ മുന്നോട്ടുപോകണം. സുസ്ഥിര വികസനം ശരിയായ അർഥത്തിൽ നടപ്പാകുന്നില്ല.
നിർമാണത്തിന് ആശയം രൂപപ്പെടുമ്പോൾ മുതൽ പൂർത്തീകരണംവരെ എല്ലാ ഘട്ടത്തിലും ആലോചന ഉണ്ടാകണം. നിർമാണ വസ്തുക്കളുടെ ഉത്പാദനം, നിർമാണ പ്രക്രിയ, പരിപാലനം എല്ലാം പരിസ്ഥിതി സൗഹൃദവും കാർബൺ ഫൂട് പ്രിന്റ് പരമാവധി കുറയ്ക്കുന്നതും ആകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗുണമേന്മയോടും വേഗത്തിലും നിർമാണം നടത്തുന്നതിനാൽ പ്രവൃത്തികൾ ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കണമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നതായി അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മന്ത്രി ജെ. ചിഞ്ചു റാണി വിശിഷ്ടാതിഥിയായി.
പ്രഫ.ബി. സുനിൽ കുമാർ കോൺക്ലേവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിവരിച്ചു.മുൻമന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്ക്, ഷിബു ബേബി ജോൺ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ഡോ. മനോരഞ്ജൻ പരിദാ, ഡോ. എൽ. പി. സിംഗ്, പ്രഫ. നാരായണൻ നെയ്താലത്ത്, പ്രഫ. കോശി വർഗീസ്,
ജില്ലാപഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ് കുമാർ, ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവൻ, നീണ്ടകര പി.ആർ. രജിത്ത്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, എംഡി എസ്. ഷാജു എന്നിവർ പ്രസംഗിച്ചു.
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കിഫ്ബി, സിഎസ്ഐആർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, തിരുപ്പതി ഐഐടികൾ, എൻഐടി കോഴിക്കോട്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി, നിക്മർ യൂണിവേഴ്സിറ്റി, റിക്സ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് കോൺക്ലേവ് നടക്കുന്നത്.