ലക്ഷ്യ 2 കെ 24 പ്രദർശനം സംഘടിപ്പിച്ചു
1484900
Friday, December 6, 2024 6:25 AM IST
കുളത്തൂപ്പുഴ: കുളത്തുപ്പുഴ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സ്ഥാപന മികവുകളെ സമൂഹ മധ്യത്തിലേക്ക് കൊണ്ട് വരികയെന്ന ലക്ഷ്യത്തോടും അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടി എന്ന നിലയിലും ലക്ഷ്യ 2 കെ 24 എന്ന പേരിൽ അഡ്മിഷൻ കാമ്പയിനും പ്രദർശനവും സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർമാർ, ജില്ലയിലെ എസ്ടി പ്രൊമോട്ടർമാർ, കമ്മിറ്റെഡ് സോഷ്യൽ വർക്കർ എന്നിവർ സ്കൂൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.
കലാം ബ്ലോക്ക്, വിവേകാനന്ദ ബ്ലോക്ക്, രാമാനുജൻ ബ്ലോക്ക്, കമലാ സുരയ്യ ബ്ലോക്ക്, ധ്യാൻചന്ദ് ബ്ലോക്ക്, ചാൾസ് ബാബേജ് ബ്ലോക്ക്, പി.എൻ പണിക്കർ ബ്ലോക്ക് എന്നിങ്ങനെ പല വിഭാഗങ്ങളിലായി സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, മലയാളം, ഐടി, കല, കായിക, ലൈബ്രറി പല മേഖലകളിലെ മികവുകളെ കുട്ടികൾ അവതരിപ്പിച്ചു. സ്കൂളിലെ ഭൗതികസൗകര്യങ്ങൾ മുഴുവനും കാണാനുള്ള അവസരവും സന്ദർശകർക്ക് ഉണ്ടായിരുന്നു.
ആധുനിക പഠനസംവിധാനങ്ങൾ, ഹൈടെക് ലാബുകൾ, ഡിജിറ്റൽ ലൈബ്രറി, കുട്ടികളുടെ കലാകായിക മികവിനുള്ള അംഗീകാരങ്ങൾ, മറ്റു ഭൗതിക നേട്ടങ്ങൾ എന്നിവ നേരിട്ടറിയാനും അനുഭവിക്കാനും കഴിഞ്ഞതായി എസ്ടി പ്രൊമോട്ടർമാരും ഫെസിലേറ്റേറ്റർമാരും ഒന്നടങ്കം അഭിപ്രായം പങ്കുവച്ചു.
40 അംഗങ്ങൾ കാമ്പയിനിൽ പങ്കെടുത്തു. കുളത്തൂപ്പുഴ പ്രദേശത്തെ സ്കൂളുകളിലെ ഇരുന്നൂറോളം കുട്ടികളും ഇരുപതോളം അധ്യാപകരും പ്രദർശനം കാണാനെത്തി.
സ്കൂൾ സീനിയർ സുപ്രണ്ട് വി. സുരേഷ് കുമാർ, ഹെഡ്മിസ്ട്രസ് സി. ഗിരിജ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർ, അനധ്യാപകർ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. ജില്ലാ ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഓഫീസർ വിധുമോൾ, തിരുവനന്തപുരം ഐടിഡിപി പ്രൊജക്ട് ഓഫീസർ മല്ലിക എന്നിവരുടെ സംയുക്ത പരിശ്രമഫലമായിട്ടാണ് ഇത്രയും അംഗങ്ങൾ കാമ്പയിനിൽ പങ്കെടുക്കാൻ സാഹചര്യം ഒരുക്കിയത്.