പുനലൂരിൽ മണ്ണ് ദിനാചരണം സംഘടിപ്പിച്ചു
1484897
Friday, December 6, 2024 6:25 AM IST
പുനലൂർ: ഈ വർഷത്തെ ലോക മണ്ണു ദിനാചരണ ജില്ലാതല ഉദ്ഘാടനം പുനലൂർ മുനിസിപ്പാലിറ്റിയിലെ കെ. കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ വൈസ് ചെയർമാൻ ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പിള്ള അധ്യക്ഷത വഹിച്ചു. കർഷകർക്കുള്ള ഇൻപുട്ട് വിതരണ ഉദ്ഘാടനം മുനിസിപ്പാലിറ്റി കൗൺസിലർ ഡി. ദിനേശ് നിർവഹിച്ചു.
കരവാളൂർ പഞ്ചായത്തിന്റെ മണ്ണ് ഫലഭൂയിഷ്ടത ഭൂപട പ്രകാശനം കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ നിർവഹിച്ചു. അഞ്ചൽ പഞ്ചായത്തിന്റെ മണ്ണ് ഭൂവിഭവ റിപ്പോർട്ട് പ്രകാശനം, മണ്ണ് ആരോഗ്യ കാർഡ് വിതരണം,
ലോഗോ തയാറാക്കൽ മത്സര വിജയിക്കുള്ള സമ്മാനദാനം, പുനലൂർ മുനിസിപ്പാലിറ്റിയുടെ മണ്ണ് ഫലഭൂയിഷ്ടതാ ഭൂപട പ്രകാശനം, ഇടമുളക്കൽ പഞ്ചായത്തിലെ മണ്ണ് ഫലഭൂയിഷ്ടതാ ഭൂപട പ്രകാശനം, മികച്ച കർഷകരെ ആദരിക്കൽ, ഏരൂർ പഞ്ചായത്ത് മണ്ണ് ശ്രേണി ഭൂപട പ്രകാശനം എന്നിവ നടത്തി .
മണ്ണ് ദിന പ്രതിജ്ഞയും മണ്ണ് ദിന സന്ദേശവും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സി.എ. അനിത നൽകി. എൻഎംഎസ്എ പദ്ധതി വിശദീകരണം ആത്മ പ്രോജക്ട് ഡയറക്ടർ ഗീത നടത്തി. സൗജന്യ മണ്ണ് പരിശോധനയ്ക്കായി കർഷകരിൽ നിന്ന് മണ്ണ് സാമ്പിളുകൾ ശേഖരിച്ചു.
മണ്ണ് പരിപാലന മുറകളെ സംബന്ധിച്ച് എഫ്എസ്ആർഎസ് സദാനന്ദപുരം അസിസ്റ്റന്റ് പ്രഫ. ഡോ. രഞ്ജൻ, ജില്ലയിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്താംകോട്ട മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടർ എസ്.അരുൺ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് മണ്ണ് ആപ്പ് പരിചയപ്പെടുത്തി.