കുളക്കടയിൽ കാൽനടയ്ക്കായി മേൽപ്പാലം നിർമിക്കും
1484894
Friday, December 6, 2024 6:25 AM IST
കൊട്ടാരക്കര: എംസി റോഡിൽ സ്ഥിരം അപകടമേഖലയായ കുളക്കടയിൽ കാൽനടയാത്രികർക്കായി മേൽപ്പാലം വരുന്നു. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രമഫലമായിട്ടാണ് ഒരു കോടി രൂപ ചെലവിട്ട് മേൽപ്പാലം നിർമിക്കുന്നത്.
പദ്ധതി രൂപരേഖ ഭരണാനുമതിയ്ക്ക് സമർപ്പിച്ചു. ആദ്യം നൽകിയ പ്ലാനിൽ ചില്ലറ പോരായ്മകളുണ്ടായിരുന്നു. ഇതിന്റെ തിരുത്തലുകൾ വരുത്തി രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും സമർപ്പിക്കുന്നതോടെ ഭരണാനുമതി ലഭിക്കും. തുടർന്ന് സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ ടെൻഡർ നടത്തി നിർമാണ ജോലികൾ തുടങ്ങാം.
എംസി റോഡിൽ ഏനാത്ത് പാലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. കുളക്കട സ്കൂൾ ജംഗ്ഷനിലും ലക്ഷംവീട് ജംഗ്ഷനിലും അപകടങ്ങൾ തുടർക്കഥയാണ്. ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു. നിരവധിപേർ ഇപ്പോഴും ആശുപത്രിയിലും വീട്ടിലുമൊക്കെയായി ചികിത്സയിലാണ്.
മന്ത്രിയും കളക്ടറും മറ്റ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും നിരവധി തവണ കുളക്കട സന്ദർശിക്കുകയും വിവിധ തലങ്ങളിൽ യോഗം ചേർന്ന് അപകടങ്ങളൊഴിവാക്കാൻ പദ്ധതികൾ തയാറാക്കുകയും ചെയ്തു. കാമറ സംവിധാനം, വേഗത നിയന്ത്രണ സംവിധാനങ്ങൾ, ഫ്ളക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ സ്ഥാപിക്കൽ തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിയെങ്കിലും ശാശ്വത പരിഹാരമായില്ല.
റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലം വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നുവന്നിരുന്നു. സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കിയാണ് മേൽപ്പാലം എന്ന ആശയമുദിച്ചത്. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ തുക അനുവദിക്കാൻ ധാരണയായി.
ഗവ.ഹയർ സെക്കൻഡറി സ്കൂൾ, എൽപി സ്കൂൾ, ബിആർസി കേന്ദ്രം, അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക്, ആയൂർവേദ ആശുപത്രി, ബിഎഡ് സെന്റർ, വിദ്യാഭ്യാസ ഓഫീസ് എന്നിങ്ങനെ വിവിധ ഓഫീസുകളും വിദ്യാലയങ്ങളുമൊക്കെയുള്ള ഭാഗമാണ് കുളക്കട സ്കൂൾ ജംഗ്ഷൻ.
വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തുന്ന ഭാഗമായതിനാൽ മണിക്കൂറുകൾ കാത്തുനിന്നാണ് കുട്ടികളടക്കം റോഡിന്റെ മറുവശമെത്തുന്നത്. അപകടങ്ങൾ മിക്കപ്പോഴും ഉണ്ടാകാറുമുണ്ട്. മേൽപ്പാലം വരുന്നതോടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം. നിലവിൽ പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത്.
എംസി റോഡിന്റെ അരികിലാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ പഴയ ഗേറ്റിനോട് ചേർന്ന ഭാഗത്താകും പുതിയ മേൽപ്പാലം വരുന്നത്. ഇവിടെ തടസമായി വൈദ്യുതി ലൈനുകളുണ്ട്. ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുത ലൈൻ അഴിച്ചുമാറ്റും. മേൽപ്പാലം വരുന്നതോടെ കുട്ടികൾക്കും മുതിർന്നവർക്കും നിർഭയമായി റോഡു മുറിച്ചുകടക്കാൻ കഴിയും.