നെടുവത്തൂരിലെ വിത്തുസംഭരണ കേന്ദ്രം നശിക്കുന്നു
1484618
Thursday, December 5, 2024 6:40 AM IST
കൊട്ടാരക്കര: പ്രവർത്തനം നിലച്ച നെടുവത്തൂർ പഞ്ചായത്ത് വിത്ത് സംഭരണകേന്ദ്രം കാടുമൂടി നശിക്കുന്നു. പുല്ലാമല സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് മാതൃകാ വിത്തുത്പാദന, സംഭരണ കേന്ദ്രം തുടങ്ങിയത്. 2000 ഓഗസ്റ്റ് ഏഴിന് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ചന്ദ്രമോഹനനാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കാർഷിക മേഖലയെ ആശ്രയിക്കുന്ന പഞ്ചായത്താണ് നെടുവത്തൂർ.
പുല്ലാമ, ആനക്കോട്ടൂർ ഭാഗങ്ങളിലായി നെൽക്കൃഷിയുണ്ട്. കർഷകരെ സഹായിക്കാനും ആവശ്യമായ ഘട്ടങ്ങളിൽ വിത്തും അനുബന്ധ സൗകര്യങ്ങളും നൽകാനും സംഭരിക്കാനുമാണ് സീഡ് സ്റ്റോർ പ്രവർത്തനം തുടങ്ങിയത്. എന്നാൽ അധികനാൾ ആയുസ് ഉണ്ടായില്ല. പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
പഞ്ചായത്തിലെ സാക്ഷരത തുടർ വിദ്യാകേന്ദ്രത്തിനായി ഏറെനാൾ ഈ കെട്ടിടം വിട്ടുകൊടുത്തു. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചു. എന്നാൽ അതെല്ലാം ഏറെനാൾ നീണ്ടില്ല. ഇപ്പോൾ ഉപയോഗമില്ലാതെ അടച്ചിട്ടിരിക്കുകയാണ് കെട്ടിടം. കാടുമൂടി നശിക്കുന്നു. സാമൂഹ്യ വിരുദ്ധരുടെ താവളമായും മാറിയിരിക്കുകയാണ്.
വിത്ത് സംഭരണ കേന്ദ്രമായി പ്രവർത്തിച്ചില്ലെങ്കിലും നാടിന് ഗുണകരമാകുന്ന ഏതെങ്കിലും ഓഫീസ് ഇവിടെ പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.