ജല അഥോറിറ്റിയെ സ്വകാര്യവത്കരിക്കാൻ അനുവദിക്കില്ല: രാജേന്ദ്ര പ്രസാദ്
1484617
Thursday, December 5, 2024 6:40 AM IST
കൊല്ലം: കേരള ജനതയ്ക്ക് വർഷങ്ങളായി കുടിവെള്ളം വിതരണം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനത്തെ കടക്കെണിയിലാക്കി സ്വകാര്യവത്കരിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം ജനങ്ങളെയും ജീവനക്കാരെയും അണിനിരത്തി ചെറുത്തു തോല്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്.
കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന "സേവ് വാട്ടർ അഥോറിറ്റി" കാമ്പയിന്റെ ഭാഗമായി ജല അഥോറിറ്റി ഓഫീസിനു മുന്നിൽ നടത്തിയ സമരശൃംഖല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ ഇഴഞ്ഞുനീങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. വിനോദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സി. റിജിത് , ടിഎസ്. ഷൈൻ, സി.എസ്. ജോയൽ സിംഗ, പി.എസ്. ഷാജി, സജീവ്, ശ്രീകുമാർ, അരുൺ ഷൂരിഎന്നിവർ പ്രസംഗിച്ചു.