കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂല്യവർധിത ഉത്പന്നങ്ങളും വിവിധ യൂണിറ്റുകളും തുറന്നു
1484613
Thursday, December 5, 2024 6:40 AM IST
കടയ്ക്കൽ: ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ വിവിധ ബിസിനസ് പദ്ധതികൾ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
കർഷക സംഗമം, മികച്ചയിനം തൈകൾ ഉത്പാദിപ്പിച്ചു വിപണനം ചെയ്യുന്ന ഹരിതം പ്ലാന്റ് നഴ്സറി ആൻഡ് ഗാർഡൻ, അഗ്രിബസാർ, പ്രകൃതി എക്കോ ഷോപ്പ്, ഹണി പാർലർ യൂണിറ്റുകളുടെ ഉദ്ഘാടനവും തേനിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം, കാർഷിക മേഖലയിലെ തൊഴിലാളികളുടെ 'ലേബർ ബാങ്ക്' ഉദ്ഘാടനം തുടങ്ങിയവ നിർവഹിച്ചു.
ചടയമംഗലം ബ്ലോക്കിൽ കർഷകർ ചേർന്ന് രൂപീകരിച്ച കർഷക ഉത്പാദക കമ്പനി നബാർഡിന്റെ നേതൃത്വത്തിൽ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.
കർഷകർ ഉത്പാദിപ്പിക്കുന്ന സാമഗ്രികൾക്ക് വിപണനം കണ്ടെത്തുകയാണ് പ്രധാനമെന്നും ചടയമംഗലത്തെ കാർഷിക മേഖലയെ കൂടുതൽ പരിപോഷിപ്പിക്കാൻ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഇത്തരം കമ്പനികൾ വഴി കർഷകർക്ക് വിപണി ഉറപ്പാക്കുകയും പൊതുവിപണിയിൽ ലഭിക്കുന്ന പണം നൽകാനും കഴിയുന്നു. കൂടുതൽ കർഷകരെ അംഗങ്ങളാക്കി കാർഷിക മേഖല ഉണർത്തണമെന്നും വരുമാന വർധനയും കാർഷിക വികസനവും നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചിങ്ങേലി ഐഒസി പമ്പ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷയായി. പാലോട് ജവഹർലാൽ നെഹ്റു ടിബിജിആർഐ ഡയറക്ടർ ഡോ. വി. അരുണാചലം, ഡോ. സിബി ജോസഫ് എന്നിവർ മുഖ്യാതിഥികളായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ എം. മനോജ് കുമാർ, കെ. മധു, മടത്തറ അനിൽ, സി. അമൃത, തോമസ് സാമുവൽ, രാഖിമോൾ, ഡോ. നടയ്ക്കൽ ശശി, തദ്ദേശസ്ഥാപന പ്രതിനിധികൾ, കെഎഫ്പിസി ഡയറക്ടർമാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.