കൊല്ലം- ചെങ്കോട്ട റെയിൽവേ പാത ഉപയോഗം പരമാവധി വർധിപ്പിക്കും
1484605
Thursday, December 5, 2024 6:28 AM IST
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയില്‍പാത പരമാവധി ഉപയോഗിക്കുന്നതിനായി റെയില്‍വേ നടപടി സ്വീകരിച്ചു വരുന്നതായി കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് എന്‍.കെ. പ്രേമചന്ദ്രന് എംപിയെ ലോക്സഭയില്‍ അറിയിച്ചു.
ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിവരമറിയിച്ചത്. കൊല്ലം - ചെങ്കോട്ട പാതയില്‍ നിലവിൽ 10 മെയില്‍, എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകളും ആറ് പാസഞ്ചര്‍ സര്‍വീസുകളും നടത്തുന്നുണ്ട്. പാതയിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം 18 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതിയ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നതിനും, തീവണ്ടികളുടെ വേഗത, കൂടുതല്‍ കോച്ചുകള്‍ ഘടിപ്പിക്കുക തുടങ്ങിയവ സാങ്കേതിക സാധ്യത കണക്കിലെടുത്ത് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം - പുനലൂര്‍, ഭഗവതിപുരം - ചെങ്കോട്ട സെക്ഷനുകളില്‍ കൊടുംവളവുകള്‍ ഉള്ളതാണ്.
വേഗത വര്‍ധിപ്പിക്കുന്നതിനും കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും സാങ്കേതികമായ ബുദ്ധിമുട്ടുണ്ട്. ഗേജ്മാറ്റ പ്രവൃത്തിയ്ക്കും വൈദ്യുതീകരണത്തിനുമായി 419.42 കോടി രൂപ ചെലവിട്ടതായും കേന്ദ്ര മന്ത്രി എന്‍.കെ. പ്രേമചന്ദ്രന് എംപിയെ അറിയിച്ചു.