കൺസ്ട്രക്ഷൻ അക്കാദമി: രാജ്യാന്തര കോൺക്ലേവ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1484604
Thursday, December 5, 2024 6:28 AM IST
ചവറ: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ -ഓപറേറ്റീവ് സൊസൈറ്റിയുടെ (യുഎൽസിസിഎസ്) ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ചവറയിലെ കൺസ്ട്രക്ഷൻ അക്കാദമിയിൽ രാജ്യാന്തര കോൺക്ലേവ് ഇന്ന് രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ ഭാവി വികസനത്തിനായി ആഗോളാനുഭവങ്ങൾ സ്വരൂപിക്കുക,
ആഗോള സഹകരണത്തിനുള്ള സാധ്യതകൾ ആരായുക എന്ന ലക്ഷ്യത്തോടെയാണ് ശനിയാഴ്ച വരെ കോൺക്ലേവ് നടത്തുന്നതെന്ന് യുഎൽസിസിഎസ് ഡയറക്ടർ ടി. ഷിജിൻ, കൺസ്ട്രഷൻ അക്കാദമി ഡയറക്ടർ പ്രഫ. ബി. സുനിൽ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവൻ എന്നിവർ അറിയിച്ചു.
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കിഫ്ബി, സിഎസ്ഐആർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, ഐഐടി മദ്രാസ്, ഐഐടി പാലക്കാട്, എൻഐടി കോഴിക്കോട്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി, നിക്മർ യൂണിവേഴ്സിറ്റി, റിക്സ് എന്നിവയും കോൺക്ലേവിന്റെ പങ്കാളികളാണ്. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി മുഹമദ് റിയാസ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എൻ. വാസവൻ, വി. ശിവൻകുട്ടി, ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങിയവർ പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം വൈകുന്നേരം 3.30- ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും.
എൻ.കെ. പ്രേമചന്ദ്രൻ എംപി തുടങ്ങിയവർ പങ്കെടുക്കും. ലോകത്ത് വികസിച്ചു വരുന്ന ഹരിത സാങ്കേതിക വിദ്യകളും നിർമാണ രീതികളും അവതരിപ്പിക്കുക, ഹരിത സുസ്ഥിര വികസന നയവും നിയമങ്ങളും അടങ്ങിയ നിർദേശങ്ങൾ ആവിഷ്കരിച്ച് സർക്കാരിന് നൽകുക തുടങ്ങിയവയാണ് കോൺ ക്ലേവ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പരിപാടികളെപ്പറ്റി വിശദീകരിച്ച യുഎൽസിസിഎസ് അരുൺ ബാബൊ, പ്രഫ. ജോമി എന്നിവർ പറഞ്ഞു.