പരിക്കേറ്റവരെ സന്ദര്‍ശിച്ച് എംഎല്‍എ മരിച്ചയാള്‍ക്ക് അഞ്ച് ലക്ഷം നൽകും
1484603
Thursday, December 5, 2024 6:27 AM IST
അഞ്ചല്‍: ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസില്‍ ചരക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികില്‍സയിലുള്ളവരെ പി.എസ്. സുപാല്‍ എംഎല്‍എ സന്ദര്‍ശിച്ചു. പരിക്കേറ്റ് ചികില്‍സയിലുള്ള ദിലീപ് ഒഴികെയുള്ളവരുടെ നില തൃപ്തികരമാണെന്ന് എംഎല്‍എ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച ധനപാലിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ദേവസ്വം ബോര്‍ഡ് നല്‍കും. കൂടാതെ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതിയിൽ നിന്ന് ചികിത്സാ സഹായങ്ങളും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.
അപകടത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാൻ കളക്ടർക്ക് നിർദേശം നൽകി. ഇതേ തുടർന്ന് നാളെ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ബന്ധപ്പെട്ട മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം കളക്ടർ വിളിച്ച് ചേർക്കും. പരിക്കേറ്റവരെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു