ആര്യങ്കാവ് അപകട കാരണം ലോറിയുടെ അമിത വേഗം
1484602
Thursday, December 5, 2024 6:27 AM IST
അപകടത്തിൽപെട്ടത് ശബരിമല തീർഥാടകർ
പുനലൂർ: ആര്യങ്കാവ് അപകടത്തിന് കാരണമായത് ചരക്കുലോറിയുടെ അമിത വേഗം. തമിഴ്നാട്ടിൽ നിന്ന് സിമന്റും മെറ്റലും കയറ്റി കരുനാഗപ്പള്ളിയിലേയ്ക്കു വരികയായിരുന്ന ചരക്കുലോറിയാണ് അപകടമുണ്ടാക്കിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ആര്യങ്കാവിലെ പഴയ സെയിൽസ് ടാക്സ് ഓഫീസിനു സമീപമായിരുന്നു അപകടം. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്. ലോറി അമിത വേഗതയിൽ വരുന്നതു കണ്ട മിനി ബസ് നിർത്തിയിട്ടെങ്കിലും ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസ് സമീപത്തുള്ള റോഡിന്റെ താഴ്ചയിലേയ്ക്ക് മറിഞ്ഞു.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ മേഖലയിൽ മിക്കപ്പോഴും അപകടമുണ്ടാകാറുണ്ട്. റോഡിലെ വളവും തിരിവുകളും അമിത വേഗതയും അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. ഭാരം കയറ്റിയ ലോറികളും വലിയ വാഹനങ്ങളും ഇതു വഴിയാണ് കടന്നുവരുന്നത്.
ദിവസേന മൂന്നും നാലും അപകടങ്ങൾ വരെ ഇവിടെ ഉണ്ടാകാറുണ്ട്. നിരവധി ജീവനുകളും പൊലിയാറുണ്ട്. ഇതു വഴി വാഹനങ്ങൾ ഓടിയ്ക്കാൻ തന്നെ പലരും ഭയക്കുകയാണ്.കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ അപകടങ്ങൾ വർധിക്കുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.