ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസും ലോറിയും കൂട്ടിടിയിച്ച് ഒരാള്‍ മരിച്ചു
1484440
Wednesday, December 4, 2024 10:39 PM IST
ആര്യങ്കാവ്: ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സേലം സ്വദേശി ധനപാല്‍ (56) ആണ് മരിച്ചത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന സേലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ തമിഴ്നാട്ടില്‍ നിന്നും ചരക്കുമായി കേരളത്തിലേക്കു വരികയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ആര്യങ്കാവ് പഴയ സെയില്‍സ് ടാക്സ് ഓഫീസിനു സമീപം പുലര്‍ച്ചെ യായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ മിനി ബസ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ബസ് യാത്രികനായ ധനപാലന് റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ധനപാലിനെ പുനലൂര്‍ താലൂക്ക് ആശുപതിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസ് യാത്രികരായ 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ സേലം സ്വദേശികളായ കാളിയപ്പന് (44), ദിലീപ് കുമാര്‍ (13), സെന്തില്‍ (17),അണ്ണാദുരൈ (60),കുമാര്‍ (34) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാധാകൃഷ്ണന് (50), ഷണ്മുഖന് (32), പ്യാരിശെല്വം (60), യോഗേശ്വരന് (61), ആനന്ദരാജ് (23), ഭൂപതി (32), മുരളിധരന് (40), ഗൌരി (10), ശങ്കരി (74), ബോധേശ്വരന്‍ (32) എന്നിവരാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ലോറി ഡ്രൈവറുടെ അശ്രദ്ധയോ ഉറങ്ങിയതോ ആണ് അപകട കരണമെന്നാണ് പ്രാഥമിക നിഗമനം.
ലോറി പാഞ്ഞുവരുന്നതു കണ്ട് വശത്തായി നിര്‍ത്തിയ ബസില്‍ ഇടിച്ചുകയറുകയായിരുന്നു എന്നു പരിക്കേറ്റ ബസ് യാത്രികര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്നു മിനി ബസ് നാല്പ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തെന്മല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.