ചടയമംഗലത്ത് കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു
1484439
Wednesday, December 4, 2024 10:39 PM IST
അഞ്ചല്‍: എംസി റോഡില്‍ ചടയമംഗലത്തിനടുത്ത് ഇളവക്കോട് ഭാഗത്തു നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രികയായ നിലമേല്‍ വെള്ളാമ്പാറ ദീപു ഭവനില്‍ ശ്യാമള (60) ആണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന ശ്യാമളയുടെ മകന് ദീപുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറിന് സൈഡ് നൽകി മുന്നോട്ട് പോകാന്‍ ശ്രമിക്കവേ നിയന്ത്രണംവിട്ട കാര്‍ എതിര് ദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപടത്തില്‍ മുന്‍വശം പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശ്യാമള മരിച്ചിരുന്നു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. വാളകത്തുള്ള കുടുംബ വീട്ടില്‍ നിന്നും ശ്യാമളയെ നിലമേലിലെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരവേയാണ് അപകടം ഉണ്ടായത്.