പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല; രോഗികൾ വലയുന്നു
1484343
Wednesday, December 4, 2024 5:54 AM IST
പുനലൂര്‍ : സര്‍ക്കാര്‍ മാതൃകാ ആതുരാലയമായി ചൂണ്ടിക്കാട്ടുന്ന പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നില്ല. ഹൃദ്രോഗവിഭാഗത്തിലും ശിശുരോഗ വിഭാഗത്തിലുമടക്കം നാളുകളായുള്ള ഒഴിവുകള്‍ തുടരുകയാണ്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല ഡോക്ടര്‍മാരും ഇവിടെ ചുമതലയേല്‍ക്കാന്‍ വിസമ്മതിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡോക്ടര്‍മാരുടെ കുറവ് രോഗികള്‍ക്ക് ബുദ്ധിമുട്ടുമുണ്ടാക്കുന്നു.
രണ്ടുവര്‍ഷം മുന്‍പ് ഇവിടെ അനുവദിച്ച ഹൃദ്രോഗ വിദഗ്ധന്റെ തസ്തികയില്‍ ഒരിക്കല്‍പ്പോലും ഡോക്ടറെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിനായിട്ടില്ല. 2022-ല്‍ തസ്തിക അനുവദിച്ച് പല തവണ ഡോക്ടറെ നിയമിച്ചെങ്കിലും ആരും ചുമതലയേറ്റില്ല. ഡോക്ടറെ ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി പലതവണ ഉറപ്പുനല്‍കിയിരുന്നു.
ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. മലപ്പുറം മഞ്ചേരിയിലെ ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റിനെ ഇവിടേക്ക് മാറ്റി നിയമിക്കുകയായിരുന്നു. എന്നാല്‍ രണ്ടുമാസം പിന്നിട്ടിട്ടും ഡോക്ടര്‍ ചുമതലയേറ്റിട്ടില്ല.
ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ധന്റെ തസ്തിക സൃഷ്ടിച്ചതിനൊപ്പം കാത്ത്ലാബ് കൂടി സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇനിയും നടപടിയുണ്ടായിട്ടില്ല. കാത്ത്ലാബ് സജ്ജമാക്കാതെ ഡോക്ടര്‍ മാത്രമെത്തിയിട്ടും വേണ്ടത്ര ഗുണമുണ്ടാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ കണ്സള്ട്ടന്റിന്റെതസ്തിക രണ്ടുവര്‍ഷത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. ആശുപത്രിയില്‍ ജോലിക്രമീകരണ വ്യവസ്ഥയില്‍ ലഭ്യമാക്കിയിരുന്ന ഫോറന്‍സിക് സര്‍ജന്റെ സേവനവും ഇപ്പോള്‍ ലഭിക്കുന്നില്ല. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നിയമനം ജില്ലാ മെഡിക്കല്‍ ഓഫീസ് റദ്ദാക്കിയിരുന്നു.
ഫലത്തില്‍ ഈ ഡോക്ടറുടെ സേവനവും നഷ്ടമായി. ഇതോടെ മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി പാരിപ്പള്ളിയിലോ തിരുവനന്തപുരത്തോ മെഡിക്കല്‍ കോളജുകളില്‍ അയയ്ക്കേണ്ട സ്ഥിതിയുണ്ട്.
ദിവസം ശരാശരി 2500-ഓളം രോഗികളെത്തുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. പത്തുനില മന്ദിരമടക്കമുള്ള സൗകര്യങ്ങളുണ്ടെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ 70 കിലോമീറ്റര്‍ അകലെ മെഡിക്കല്‍ കോളജില്‍ അയക്കേണ്ട സ്ഥിതിയാണ്.