നഗരസഭയുടെ രജിസ്റ്റർ കാണാതായ സംഭവത്തിന് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ച
1484337
Wednesday, December 4, 2024 5:54 AM IST
പുനലൂർ: നഗരസഭയുടെ ആസ്തി രജിസ്റ്റർ കാണാതായതിന് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങളുടെ യോജിച്ച വിലയിരുത്തൽ.
2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും ആസ്തി നിർണയിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെ തുടക്കം മുതൽ വീഴ്ച ഉണ്ടായതായി കൗൺസിൽ വിലയിരുത്തി.
ആസ്തി നിർണയിക്കുന്നതിനായിട്ടുള്ള പദ്ധതിക്ക് 10 ലക്ഷം രൂപ വകയിരുത്തിയത് തന്നെ ഗുരുതരമായ തെറ്റ് ആണെന്നായിരുന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡര്‍ ജി .ജയപ്രകാശും എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ബിനോയ് രാജനും അഭിപ്രായപ്പെട്ടത്.
മാത്രവുമല്ല കരാറുകാരൻ തയാറാക്കി കൊണ്ടുവന്ന രേഖകളും കരടും യഥാവിധി നഗരസഭയിൽ സൂക്ഷിക്കുന്നതിനും ഓൺലൈനിൽ രേഖകൾ കൃത്യമായി ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നതിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കൗൺസിൽ വിലയിരുത്തി.
കൂടാതെ രേഖകൾ എല്ലാം അതത് കൗൺസിലർമാർക്ക് പരിശോധന നടത്തുന്നതിന് വേണ്ടി നൽകിയതായി ചില ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് തെറ്റിദ്ധാരണജനകമായി നൽകിയ വിശദീകരണത്തിലും ചെയർപേഴ്സൺ അതൃപ്തി രേഖപ്പെടുത്തി.
കരാറുകാരനു നൽകിയ പണം സംബന്ധിച്ച് ഫയലിൽ കൃത്യമായി രേഖകൾ ഇല്ലാത്തതും കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഈ വിഷയത്തിന്മേൽ അജണ്ടയിൽ ചർച്ച വന്നപ്പോൾ കൗൺസിൽ അംഗങ്ങളെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ചില ജീവനക്കാർ വിശദീകരണം നൽകിയതെന്നുമാണ് കൗൺസിൽ അംഗങ്ങൾ വിലയിരുത്തിയത്.
കരാറുകാരന് 40ശതമാനം തുക നല്‍കിയതായി മുന്‍ കൗണ്‍സിലില്‍ അറിയിച്ച ഉദ്യോഗസ്ഥര്‍ 70ശതമാനം തുക അന്ന് നല്‍കിയിരുന്നു എന്നാണ് ഇന്നലത്തെയോഗത്തില് അറിയിച്ചത്.
ഉദ്യോഗസ്ഥരെ നഗരസഭ ചെയർപേഴ്സൺ അതിനിശിതമായി വിമർശിക്കുകയും കാണാതായ രേഖകൾ കണ്ടെത്തുകയോ അതല്ലെങ്കിൽ അടിയന്തരമായി പുതിയ പകർപ്പ് ലഭ്യമാക്കുകയോ ചെയ്യണമെന്നും സോഫ്റ്റ്വെയറിൽ നിന്നും നഷ്ടപ്പെട്ടുവെങ്കിൽ അതിന്റെ കാരണം എന്താണെന്ന് കണ്ടെത്തണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.
അഞ്ചിനകം കാണാതായ രേഖകളോ, അതല്ലെങ്കില്‍ പുതിയ പകര്‍പ്പുകളോ ലഭ്യമാക്കുകയും ഓൺലൈനിൽ എല്ലാ വിവരങ്ങളും കൃത്യമായി ഉണ്ട് എന്ന് ആവശ്യമായ സാങ്കേതിക വിദഗ്ധരുടെ സേവനത്തോടുകൂടി ഉറപ്പുവരുത്തുവാനും കൗൺസിൽ യോഗം തീരുമാനിച്ചു.