അസൗകര്യങ്ങൾക്ക് നടുവിൽ റൂറൽ വനിതാ സെല്ലിന്റെ പ്രവർത്തനം
1484070
Tuesday, December 3, 2024 6:37 AM IST
കൊട്ടാരക്കര: അസൗകര്യങ്ങൾക്ക് നടുവിൽ കൊല്ലം റൂറൽ വനിതാ സെല്ലിന്റെ പ്രവർത്തനം ജീവനക്കാർക്ക് പീഡനമായി മാറുന്നു. ചോർന്നൊലിക്കുകയാണ് കെട്ടിടം. നിന്നുതിരിയാൻ ഇടമില്ലാത്ത കുടുസുമുറികളാണ്. സർവത്ര ദുരിതംമാത്രം.
2011 ൽ ആണ് കൊട്ടാരക്കര ആസ്ഥാനമാക്കി റൂറൽ വനിതാ സെൽ പ്രവർത്തനം തുടങ്ങിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിനുൾപ്പടെ ലക്ഷ്യമിട്ടാണ് വനിതാ സർക്കിൾ ഇൻസ്പക്ടറും രണ്ട് എസ്ഐമാരും മതിയായ വനിതാപോലീസ് ഉദ്യോഗസ്ഥരുമടക്കം സജ്ജമാക്കി വനിതാ സെൽ പ്രവർത്തനം തുടങ്ങിയത്.
തകരാറിലായ സർക്കാർ ക്വാർട്ടേഴ്സ് കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെറിയകാലംകൊണ്ട് ശ്രദ്ധേയമായ പ്രവർത്തനം നടത്താനും കഴിഞ്ഞു. ഒരു കെട്ടിടത്തിൽ ഒതുങ്ങുന്നതായിരുന്നില്ല പ്രവർത്തനം.
സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ കഴിയുന്നവരെ മുഖ്യധാരയിൽ കൊണ്ടുവരാനും ഗാർഹിക പീഡനങ്ങൾക്ക് വലിയ തോതിൽ അറുതിയുണ്ടാക്കാനും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും കൗൺസിലിംഗ് അടക്കമുള്ള സൗകര്യങ്ങളൊരുക്കുന്നതിനും വനിതാ സെൽ മുൻകൈയെടുത്തു.
റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളും വനിതാ സെല്ലിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ ദിവസവും പരാതിക്കാരുടെ എണ്ണവും കൂടി.
നാളുകൾ കടന്നുപോയതോടെ വനിതാ സെൽ ഓഫീസ് കെട്ടിടം കൂടുതൽ ശോച്യാവസ്ഥയിലേക്ക് നീങ്ങി. ഇപ്പോൾ തീർത്തും ചോർന്നൊലിക്കുന്ന കഴുക്കോലും ഓടുകളും ഇളകിയ പഴഞ്ചൻ കെട്ടിടത്തിൽ ഉദ്യോഗസ്ഥർ വീർപ്പുമുട്ടുകയാണ്.
വനിതാ സർക്കിൾ ഇൻസ്പക്ടർ വിരമിച്ച ശേഷം പുതിയ പോസ്റ്റിംഗ് നടത്തിയിട്ടില്ല. ഒരു എസ്ഐയുടെ ഒഴിവുണ്ട്. നിലവിൽ ഒരു വനിതാ എസ്ഐയ്ക്കാണ് സിഐയുടെ അധികചുമതല. 12 വനിതാ സിവിൽ പോലീസ് ഓഫീസർമാരുമുണ്ട്. ഇതേ കോമ്പൗണ്ടിൽ ഫാമിലി കൗൺസിലിംഗ് സെന്ററും പ്രവർത്തിക്കുന്നു.
മേൽക്കൂരയ്ക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് മഴവെള്ളം വീഴാത്ത സംവിധാനമൊരുക്കിയിട്ടുള്ളത്. കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്. നിന്ന് തിരിയാൻ ഇടമില്ല. ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമില്ല. ഒരു വാഹനമുള്ളത് മിക്കപ്പോഴും സ്റ്റാർട്ടാകില്ല. പരിതാപകരമായ അവസ്ഥകളിലും മികച്ച പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തുന്നത്.
തൊട്ടടുത്തായി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിച്ചു. മുഖ്യമന്ത്രിയെത്തി ഉദ്ഘാടനം നടത്തുന്ന വിധത്തിലാണ് ക്രമീകരണം. പോലീസിന്റെ പരിശീലന കേന്ദ്രത്തിനായും കെട്ടിടം ഇവിടെ ഒരുങ്ങുന്നു.
അതിനൊപ്പമാണ് വനിതാ സെല്ലിനും കെട്ടിടം നിർമിക്കുന്നത്. എന്നാൽ മാസങ്ങളായി ഇതിന്റെ നിർമാണം നിലച്ചിരിക്കയാണ്. പുതിയ കെട്ടിടം വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഉദ്യോഗസ്ഥരും ഇപ്പോൾ നിരാശയിലായി.