കലോത്സവ ഭക്ഷണ കമ്മിറ്റിയെ അനുമോദിച്ചു
1484067
Tuesday, December 3, 2024 6:37 AM IST
കൊട്ടാരക്കര: 63-ാമത് കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഭക്ഷണ കമ്മിറ്റിയെ കെപിഎസ്ടിഎ അനുമോദിച്ചു.
ഹരിത പ്രോട്ടോകോള്‍ പ്രകാരം പ്രവര്‍ത്തിച്ചത് ഭക്ഷണ കമ്മിറ്റി മാത്രമാണെന്ന് മുനിസിപ്പല്‍ ചെയര്മാന് എസ്.ആർ. രമേശ് അനുമോദന യോഗത്തില്‍ പറഞ്ഞു. ഭക്ഷണ കമ്മിറ്റിക്ക് നേതൃത്വം നല്കിയ ഡിസിസി ജനറല്‍ സെക്രട്ടറി പി. ഹരികുമാറിന് കെപിഎസ്ടിഎ മൊമെന്റോ നല്കി ആദരിച്ചു.
ഭക്ഷണ ഹാളില്‍ എത്തി ഭക്ഷണം കഴിച്ച മന്ത്രി കെ.എന്‍. ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, പി.സി. വിഷ്ണുനാഥ് എംഎല്‍എ, കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ലാല്‍, റൂറല്‍ എസ്പി. സാബു മാത്യു, മുന്‍ കേരള ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കുരികേശ് മാത്യു, പ്രമുഖ വ്യവസായിയും എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ജി. തങ്കപ്പന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഞ്ച് ദിവസം 40,000-ഓളം പേര് ഭക്ഷണം കഴിച്ച ഹാളും പരിസരവും വൃത്തിയാക്കുന്നതിലും പ്ലാസ്റ്റിക് രഹിത പ്രദേശമാക്കുന്നതിലും മാലിന്യ നിര്‍മാര്‍ജനം കുറ്റമറ്റതായ രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞതിലും ഭക്ഷണ കമ്മിറ്റിയുടെ സംഘടനാ മികവുകൊണ്ട് മാത്രമാണെന്ന് വിശിഷ്ടവ്യക്തികളെല്ലാം വ്യക്തമാക്കി.
പി. ഹരികുമാറിനോടൊപ്പം ഭക്ഷണ കമ്മിറ്റിയെ സഹായിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച കൗണ്‍സിലര്‍ തോമസ് പി. മാത്യു, നന്ദകുമാര്‍, ടി.പി. ദീപുലാല്‍, സുധീര്‍ തങ്കപ്പ എന്നിവരേയും ആദരിച്ചു. കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ്, പറവൂര്‍ സജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.എസ്. മനോജ്, സി. ജയചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.