ദേശീയപാത വികസന പ്രവൃത്തികള്‍ കാര്യക്ഷമമാക്കണം: ജില്ലാ വികസന സമിതി യോഗം
1484064
Tuesday, December 3, 2024 6:37 AM IST
കൊല്ലം: ദേശീയപാത വികസന പ്രവൃത്തികള്‍ മന്ദഗതിയില്‍ ആണെന്നും കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ജില്ലാ വികസന സമിതി യോഗം.
സര്‍വീസ് റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി, സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി എത്രയും വേഗം യാത്ര സുഗമമാക്കണമെന്നും എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്, ഡോ. സുജിത്ത് വിജയന്‍പിള്ള, എംപിമാരുടെ പ്രതിനിധികള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായം നിഷേധിക്കുന്ന സമീപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ആവശ്യപ്പെട്ടു.
മൈനാഗപ്പള്ളി, ശാസ്താംകോട്ട, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ തുടരെയുണ്ടാകുന്ന വൈദ്യുതി തടസത്തിനും നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
നീണ്ടകര ഫൗണ്ടേഷന് ഹോസ്പിറ്റലില്‍ പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും പൂര്‍ണസമയം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു.
ശബരിമലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി.എ. സജിമോന്‍ ആവശ്യപെട്ടു. കെഎസ്ആര്‍ടിസി ശബരിമലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ദേശീയപാതയില്‍ സര്‍വീസ് കുറയുന്നത് മൂലമുള്ള യാത്രാക്ലേശം പരിഹരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന് ആവശ്യപ്പെട്ടു.
കൊല്ലം- ചെങ്ങന്നൂര്‍ ബസിന്റെ ആദ്യ സര്‍വീസ് സമയം പുലര്‍ച്ചെ അഞ്ചിന് തുടങ്ങാന്‍ നടപടി വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. കുണ്ടറ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ജില്ലയുടെ സമഗ്ര വികസനത്തിന് ദിശാബോധം നല്കുന്ന ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അതത് ഉപസമിതി കണ്‍വീനര്‍മാര്‍ 10 ന് കരട് രേഖ സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ അറിയിച്ചു.
16 മുതല്‍ കരട് രേഖയില്‍ ചര്‍ച്ച നടത്തും. പോഷ് ആക്ട് പ്രകാരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമവുമായി ബന്ധപ്പെട്ട് 15നകം ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചു. ജില്ലയെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തി.
കളക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ജി. നിര്‍മല്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.