നാട്യവിസ്മയമായി ശ്രീലക്ഷ്മി
1484062
Tuesday, December 3, 2024 6:34 AM IST
പുനലൂർ: ജില്ലാ സ്കൂൾ കലോത്സവത്തിൽ പ്രധാനപ്പെട്ട മൂന്നു നൃത്ത ഇനങ്ങളിലും യുപി വിഭാഗത്തിൽ മൂന്നു വർഷമായി പുനലൂർ ഉപജില്ലയെ പ്രതിനിധീകരിച്ചത് ഒരേ കുട്ടി. മൂന്നിലും എ ഗ്രേഡും നേടി.
പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മിയാണ് നാട്യകലയിൽ വിസ്മയം തീർക്കുന്നത്. മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും ഭരതനാട്യത്തിൽ മൂന്നാം സ്ഥാനവുമാണ് ശ്രീലക്ഷ്മി കരസ്ഥമാക്കിയത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും മോഹിനിയാട്ടത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
പുനലൂർ കോമളംകുന്ന് ശ്രീരംഗത്തിൽ മേക്കപ്മാൻ ഗോപിനാഥിന്റേയും കലയുടേയും മകളായ ശ്രീലക്ഷ്മി നാലാം വയസിലാണ് ചിലങ്ക അണിഞ്ഞു തുടങ്ങിയത്. സായി സ്കൂൾ ഓഫ് ഡാൻസിലെ ജ്യോതി ആണ് ഗുരു.