ഓൺലൈൻ വ്യാപാര തട്ടിപ്പ്: രണ്ടു പേർ പിടിയിൽ
1483859
Monday, December 2, 2024 6:49 AM IST
കൊട്ടാരക്കര: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് സംഘത്തിലെ മുഖ്യപങ്കാളികളെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു.
എഴുകോണ്‍ കരീപ്ര സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ സ്റ്റോക്കില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം നല്കി 70 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട്, മുരുകല്ലിങ്കല്‍, ചെര്പിങ്കല് വീട്ടില്‍ മുഹമ്മദ് ഹബീബിനെ (25 ) കോഴിക്കോട് ജില്ലയില്‍ നിന്നും, വാളകം സ്വദേശിയിൽ നിന്നും 44 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയില്‍ മലപ്പുറം, ഇരിങ്ങാവൂര്‍, കൊളബന് ഹൗസില്‍, സുഹൈലിനെ (28 ') മലപ്പുറം ജില്ലയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടർ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ബാങ്ക് ചെക്ക് മുഖേന തട്ടിപ്പ് പണം വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പിന്‍വലിപ്പിച്ച് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് എത്തിച്ചുകൊടുക്കുന്ന മുഖ്യപങ്കാളികളാണ് അറസ്റ്റിലായ പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരു കേസുകളിലേയും മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.