എയ്ഡ്സ് ബാധിതരെ മാറ്റി നിർത്തരുത്: മന്ത്രി കെ.എൻ. ബാലഗോപാൽ
1483856
Monday, December 2, 2024 6:49 AM IST
കൊട്ടാരക്കര: തന്റെതല്ലാത്ത കാരണങ്ങളാലും മറ്റു സാഹചര്യങ്ങളാലും എയ്ഡ്സ് ബാധിതരായവരെ സമൂഹത്തിന്റെ പുറമ്പോക്കിലേയ്ക്ക് മാറ്റി നിർത്തരുതെന്നും അവരെ ചേർത്തുനിർത്തി മാനവിക ഐക്യത്തിന്റെ പുതിയ ചരിത്രം രചിക്കണമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ.
കൊട്ടാരക്കര ആശ്രയ സങ്കേതത്തിൽ ലോക എയ്ഡ്സ് ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
തെറ്റായ ജീവിത ശൈലിയും സുരക്ഷിതമല്ലാത്ത ബന്ധങ്ങളുമാണ് ഇത്തരം മാരക രോഗങ്ങൾ മനുഷ്യരെ കീഴടക്കാൻ ഇടയാക്കുന്നത്. അതിനാൽ ശക്തമായ ബോധവത്കരണം പൊതുസമൂഹത്തിന് നൽകാൻ സർക്കാരിനോടൊപ്പം സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങുമ്പോഴാണ് മാറ്റം ഉണ്ടാവുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് അധ്യക്ഷത വഹിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, അനാഥരില്ലാത്ത ഭാരതം ജില്ലാ പ്രസിഡന്റ് പെരുംകുളം രാജീവ്, ആശ്രയ ട്രഷറർ കെ. ജി. അലക്സാണ്ടർ, മിനി ജോസ്, ജുബിൻ സാം, എ.ജി. ശാന്തകുമാർ, അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി കലയപുരം ജംഗ്ഷൻ മുതൽ ആശ്രയ സങ്കേതം വരെ ബാന്റ് മേള അകമ്പടിയോടെ നടന്ന എയ്ഡ്സ് ദിന റാലിയിൽ ആശ്രയ അന്തേവാസികൾ, ശിശുഭവനിലെ കുരുന്നുകൾ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.