ക്രിസ്മസ് സമർപ്പണത്തിന്റെ സന്ദേശം: മുല്ലക്കര രത്നാകരൻ
1483851
Monday, December 2, 2024 6:30 AM IST
കൊട്ടാരക്കര: സകല ജനത്തിനും വേണ്ടിയുള്ള സദ് വാർത്തയായ യേശുക്രിസ്തുവിന്റെ പിറവിത്തിരുനാൾ ആഘോഷം കൊട്ടാരക്കര മാർത്തോമ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കാരൾ ഗാനങ്ങളുടെ അകമ്പടിയോടെ നടന്നു.
മേഖലയിലെ ഈ വർഷത്തെ ആദ്യ ക്രിസ്മസ് ആഘോഷത്തിനാണ് വജ്രജൂബിലി നിറവിലായ ജൂബിലി മന്ദിരം ആതിഥേയത്വം വഹിച്ചത്. മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. വേദനിക്കുന്നവരേയും അശരണരേയും ആശ്വസിപ്പിക്കുവാൻ വിണ്ണിൽ നിന്ന് മണ്ണിലേക്ക് കടന്നുവന്ന ദൈവപുത്രന്റെ ജീവിതം തന്നെ മറ്റുള്ളവർക്കായി സമർപ്പിക്കപ്പെട്ടതായിരുന്നുവെന്നും ത്യാഗനിർഭരമായ സമർപ്പണത്തിന്റെ സന്ദേശവും ദൈവീക ഭാവവും വെളിപ്പെടുന്നത് ആയിരിക്കണം മനുഷ്യ ജീവിതമെന്നും അദ്ദേഹം ഓർമിപ്പിച്ചു .
മാർത്തോമാ സഭ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു. തിരുവല്ല കോറിസ്റ്റേഴ്സ് ഫെലോഷിപ്പ്, ദദ്രാസന ബസ്ക്യാമ്മാ ഫെലോഷിപ്പ്, കുണ്ടറ, ഏനാത്ത് മാർത്തോമാ ഇടവക ഗായക സംഘങ്ങൾ, മന്ദിരം കുടുംബാംഗങ്ങൾ എന്നിവർ കാരൾ സർവീസിനും കുണ്ടറ അഭയം ചിൽഡ്രൻസ് ഹോം കൊറിയോഗ്രാഫിക്കും നേതൃത്വം നൽകി.
ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ഷിബു സാമുവേൽ, റവ. ജോർജ് വർഗീസ്, റവ. ഷിബു ഏബ്രഹാം ജോൺ, റവ. അലക്സാണ്ടർ തോമസ്, ജോർജ് പണിക്കർ എന്നിവർ പ്രസംഗിച്ചു.