ഹൈക്കോടതി ജഡ്ജി നേരിട്ട് ഇടപെട്ട് നഗരത്തിലെ ഫ്ളക്സ് ബോർഡുകൾ നീക്കി
1483849
Monday, December 2, 2024 6:30 AM IST
കൊല്ലം: ഹൈക്കോടതി ജഡ്ജി നേരിട്ട് ഇടപെട്ട് കൊല്ലം നഗരത്തിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യിച്ചു. കൊല്ലത്തെ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്യാനെത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കഴിഞ്ഞദിവസം കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി കാഴ്ച മറയ്ക്കുന്ന ഫ്ളക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യാത്തതിൽ നടപടി ഉണ്ടാകുമെന്ന് അറിയിച്ചത്.
കൊല്ലത്ത് എത്തിയ ഹൈക്കോടതി ജഡ്ജിയെ വരവേറ്റത് നഗരത്തിൽ മുഴുവൻ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള നിരവധി ഫ്ലക്സ് ബോർഡുകളായിരുന്നു.
ചിന്നക്കട പിഡബ്ള്യുഡി റെസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയപ്പോഴാണ് ഇത്തരം ബോർഡുകൾ അദ്ദേഹം കാണാനിടയായത്. ഉടനേ കോർപ്പറേഷൻ സെക്രട്ടറി ഡി. സാജുവിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. രണ്ടര ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ജഡ്ജി അറിയിച്ചു.
24 മണിക്കൂറിനകം ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാമെന്ന് സെക്രട്ടറി പറഞ്ഞെങ്കിലും ജഡ്ജി സമ്മതിച്ചില്ല. പെട്ടെന്ന് നടപടിയെടുത്തശേഷം റിപ്പോർട്ട് ചെയ്യണമെന്ന് ജസ്റ്റീസ് നിർദേശിച്ചതിനെതുടർന്ന് അര മണിക്കൂറിനകം ചിന്നക്കട ട്രാഫിക് റൗണ്ടിലെ മുഴുവൻ ബോർഡുകളും നീക്കം ചെയ്തു. 3.15 ഓടെ മറ്റ് ബോർഡുകളും കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. പിന്നീട് നഗരത്തിലെ ഇത്തരം കാഴ്ച മറയ്ക്കുന്ന മറ്റു ബോർഡുകളും മാറ്റി.