ജില്ലാ സ്കൂള്‍ കലോത്സവം: കിരീടം നിലനിര്‍ത്തി കരുനാഗപ്പള്ളി
1483430
Sunday, December 1, 2024 12:54 AM IST
കൊട്ടാരക്കര: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കിരീടം നിലനിര്‍ത്തി കരുനാഗപ്പള്ളി ഉപജില്ല. 959 പോയിന്റ് നേടിയാണ് തുടര്‍ച്ചയായ മൂന്നാം തവണയും കരുനാഗപ്പള്ളി കിരിടത്തില്‍ മുത്തമിടുന്നത്. സ്കൂള്‍ വിഭാഗത്തില്‍ ജോണ്‍ എഫ്. കെന്നഡി സ്കൂള്‍ 280 പോയിന്റ് നേടിയാണ് തുടര്‍ച്ചയായ മൂന്നാംതവണ ഓവറോള്‍ ചാംപ്യന്ന്മാരായത്.
ചാത്തന്നൂര്‍ ഉപജില്ലയാണ് 921 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ആതിഥേയരായ കൊട്ടാരക്കര ഉപജില്ല 770 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. പുനലൂര്‍- 824, കൊല്ലം - 809, കുളക്കട - 804, വെളിയം- 791, ചടയമംഗലം - 760, അഞ്ചല്‍ - 751, ശാസ്താംകോട്ട - 744, കുണ്ടറ - 713, ചവറ - 675 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര നഗരസഭ ചെയര്മാന് എസ്.ആര്. രമേശ് അധ്യക്ഷനായി. കൊല്ലം വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ.ഐ. ലാല്‍, പി.സി.വിഷ്ണുനാഥ് എംഎൽഎ സമ്മാന വിതരണം ചെയ്തു.
അപ്പീൽ നൽകുന്നതിനുള്ളനിരക്ക് ഉയർത്തിയതിനാൽ ഇക്കുറി അപ്പീലുകളുടെ എണ്ണം കുറഞ്ഞു. 14 വേദികളിൽ മിക്കതിലേയും പരിപാടികൾ നേരത്തെ അവസാനിച്ചിരുന്നു. വേദി ഒന്നിൽ നടന്നുവന്ന സംഘനൃത്തം അവസാനിക്കാൻ വൈകിയതിനാൽ സമാപനം സമ്മേളനം പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല. ഇത് അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ഏറെ വലച്ചു. സംഘ നൃത്തം ഉൾപ്പെടെയുള്ള പരിപാടികൾ ഏറെ നിലവാരം പുലർത്തിയിരുന്നു.
ഇന്നലെ വിദ്യാർഥികളുടെ പങ്കാളിത്തമേറിയ ദിവസമായിരുന്നു. ജനബാഹുല്യം എല്ലാ വേദികളിലും കാണാമായിരുന്നു. മത്സരാർഥികളെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല. റെഡ് ക്രോസ്, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നീ വിഭാഗങ്ങളുടെ സേവനം എടുത്തു പറയേണ്ടവയാണ്.
യുപി വിഭാഗം സംഘനൃത്തം, കോൽക്കളി എന്നിവയുടെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷം കലോത്സവത്തിന്റെ നിറം കെടുത്തി. വിധികർത്താക്കൾക്കു നേരെയുണ്ടായ ചെരിപ്പേറും കുപ്പിവെള്ള മേറുമൊക്കെ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. കലോത്സവ കളരിയിൽ പോലീസിന് ലാത്തി വീശേണ്ടി വന്ന സാഹചര്യവും ഒഴിവാക്കേണ്ടതായിരുന്നു.
ചവിട്ടുനാടകത്തിൽ സെന്റ് ഗൊരേറ്റിയും
കൊട്ടാരക്കര: ചവിട്ടുനാടകത്തിൽ വിജയതിള ക്കവുമായി പുനലൂർ സെന്റ് ഗൊരേറ്റി സ്കൂളും. റവന്യു ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സെന്റ് ഗൊരേറ്റി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് ചവിട്ടുനാടകത്തിൽ പങ്കെടുത്ത കുട്ടികൾ ക്രിസ്തുരാജ് കോൺവന്റിൽ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെന്റിനു കീഴിലാണ് പരി ശീലിക്കുന്നത്. കുട്ടികൾക്ക് പരിശീലനം നൽകുന്നത് സിസ്റ്റർ സംപ്രീതാ മേരിയാണ്. മത്സരത്തിൽ മികച്ച നിലവാരം പുലർത്താൻ കുട്ടികൾക്ക് കഴിഞ്ഞതായും സ്കൂൾ അധികൃതർ വ്യക്തമാക്കി.
ഭക്ഷണ നടത്തിപ്പിന് അഭിനന്ദന പ്രവാഹം
കൊട്ടാരക്കര: കലോത്സവത്തിന്റെ ഭക്ഷണ നടത്തിപ്പിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും അഭിനന പ്രവാഹം.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം സംതൃപ്തിയോടെയാണ് ഭക്ഷണം കഴിച്ചു മടങ്ങിയത്. രാവിലെ കാപ്പി, ഉച്ചക്ക് പായസം കൂട്ടിയുള്ള ഊണ്, വൈകുന്നേരം ചായയും കടിയും, രാത്രി ഭക്ഷണം എന്നിങ്ങനെയാണ് നൽകിയത്.
ഒരു സമയം 10000ത്തിലധികം പേരാണ് ഭക്ഷണം കഴിച്ചത്. ഒരു പരാതിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. മന്ത്രി ബാലഗോപാൽ, പി. സി. വിഷ്ണുനാഥ് എംഎൽഎ, റൂറൽ എസ്പി സാബു മാത്യു തുടങ്ങിയവർ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ ക്കായിരുന്നു ഭക്ഷണ ചുമതല.
ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ ചെയർമാനും കെപിഎസ്ടിഎ നേതാവ് പരവൂർ സജീവ് കൺവീനറുമായുള്ള കമ്മിറ്റിയാണ് ഭക്ഷണ ചുമതല നിർവഹിച്ചത്.
സംഘർഷം: പോലീസുകാരന് കല്ലേറിൽ പരിക്ക്
കൊട്ടാരക്കര: ഫല പ്രഖ്യാപനത്തെ തുടർന്ന് സമ്മാനം കിട്ടാത്തവരും പോലീസുകാരും തമ്മിൽ സംഘർഷം. ഒരു പോലീസുകാരനും മാധ്യമ പ്രവർത്തകനും പരിക്കുപറ്റി.
കൊട്ടാരക്കര എസ്ജി എച്ച്എസ്എസിൽ നടന്ന യുപി വിഭാഗം സംഘ നൃത്തത്തിന്റെ ഫലപ്രഖ്യാപനത്തിനു ശേഷമാണ് സംഘർഷമുണ്ടായത്. പുനുക്കന്നൂർ യുപിഎസിനായിരുന്നു ഒന്നാം സ്ഥാനം. സമ്മാനം കിട്ടാത്തവർ ഫലപ്രഖ്യാപനം തെറ്റാണെന്ന് ആരോപിച്ച് വിധികർത്താക്കൾക്ക് നേരെ തിരിഞ്ഞു. കൈയാങ്കളിയിലെത്തുമെന്നായപ്പോൾ പോലീസ് ഇടപെട്ട് വിധികർത്താക്കള വാഹനത്തിനുള്ളിലാക്കി. പിന്നാലെ എത്തിയവർ ഇഷ്ടിക കൊണ്ട് ഏറ് നടത്തി. ഏറുകൊണ്ട പോലീസുകാരന്റെ തലയ്ക്കാണ് പരിക്ക്. ചിത്രം പകർത്തി കൊണ്ടിരുന്ന മാധ്യമ പ്രവർത്തകനും പരിക്കേറ്റു.
ഫീസ് കൂടി... അപ്പീലുകൾ കുറഞ്ഞു...
കൊട്ടാരക്കര: കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ അപ്പീല്‍ കമ്മിറ്റി മുമ്പാകെ ലഭിച്ചത് 80ഓളം അപ്പീലുകള്‍ മാത്രം. കഴിഞ്ഞ തവണത്തെ 231 അപ്പീലുകളുടെ സ്ഥാനത്താണ് ഇത്തവണ അതിന്റെ പകുതില്‍ താഴെ അപ്പീലുകളാണ് ലഭിച്ചത്.
കഴിഞ്ഞ തവണയുള്ള 2,000 രൂപയുടെ സ്ഥാനത്ത് ഇത്തവണ അപ്പീല്‍ നല്‍കാനായി 5,000 രൂപ നല്‍കണം. വിധിയിലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടി മത്സരാര്ഥികളും അധ്യാപകരും അപ്പീല്‍ കമ്മിറ്റി ഓഫിസിന്റെ വാതില്ക്കല് വരെയെത്തും. അപ്പീല്‍ നല്‍കാനുള്ള തുക അറിയിക്കുന്നതോടെ, നിറകണ്ണുകളോടെ പരാതി അവിടെ ഉപേക്ഷിച്ച് മടങ്ങുകയാണ്.
നാടോടിനൃത്തത്തിൽ മഹത് ജെ. ജോൺ
കൊട്ടാരക്കര : നാടോടിനൃത്തത്തിൽ അരങ്ങുണർത്തിയ മഹത് ജെ. ജോണിന് ഒന്നാം സ്ഥാനവും എഗ്രേഡും . ഭരതനാട്യത്തിന് എ ഗ്രേഡ് ലഭിച്ചു. കരിക്കോട് ശിവറാം എൻഎസ്എസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. 14 വർഷമായി കലോത്സവ മത്സരങ്ങളിൽ പങ്കെടുത്തുവരികയാണ്. മൂന്നുതവണ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. കൊല്ലം ലാൽ കുമാറിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടി വരുന്നത്.