ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി
1483422
Sunday, December 1, 2024 12:54 AM IST
കൊല്ലം: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ അധീനതയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി നിരവധി യാത്രക്കാരും യാത്രക്കാരുടെ സംഘടനാ പ്രതിനിധികളും നേരത്തേ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ച ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച എംപി റോഡിന്റെ പരിതാപകരമായ അവസ്ഥ മനസിലാക്കി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ എൻജിനീയറിംഗ് വിഭാഗം ചുമതലയുള്ള എൻജിനീയറോട് അടിയന്തരമായി അറ്റപ്പണികൾ ആരംഭിക്കണമെന്ന് നിർദേശം നൽകിയിരുന്നു.
അതോടൊപ്പം, ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നവീകരണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണെന്ന് കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.