ആരാധനാലയങ്ങളുടെ വഞ്ചി തുറന്ന് മോഷണം: രണ്ടു പേരെ പിടികൂടി
1483313
Saturday, November 30, 2024 6:09 AM IST
ചവറ: വിവിധ ആരാധനാലയങ്ങളുടെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. തേവലക്കര പടിഞ്ഞാറ്റക്കര മാമ്പറ്റ വിളയില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാ(21), പ്രായപൂര്‍ത്തിയാകാത്ത പന്മന ചിറ്റൂര്‍ സ്വദേശിയേയുമാണ് ചവറ പോലിസ് പിടികൂടിയത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ചവറയുടെ വിവിധ പ്രദേശങ്ങളില്‍ ഗുരുമന്ദിരം, ക്ഷേത്രങ്ങള്‍ എന്നിവയുടെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത് ഇവരാണന്ന് പോലീസ് പറഞ്ഞു.
ചെറുശേരി ഭാഗം കാവുനട ക്ഷേത്രം, രാമേഴ്ത്ത് ക്ഷേത്രം, ഞാറയ്ക്കാട്ട് ക്ഷേത്രം, ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പ്രദേശത്തെ വിവിധ ഗുരുമന്ദിരങ്ങള് എന്നിവയുടെ മുന്നില്‍ വച്ചിരിക്കുന്ന വഞ്ചി രാത്രിയില്‍ കുത്തിത്തുറക്കുന്നത് ഇവര്‍ പതിവാക്കിയിരുന്നു.
ഒരാഴ്ചയ്ക്ക് മുമ്പ് ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വഞ്ചിയില്‍ നിന്ന് ഇത്തരത്തില്‍ പണം കവര്‍ന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തി സമീപത്തെ നിരീക്ഷണ കാമറ പരിശോധിച്ചതിനെ തുടര്‍ന്ന് മോഷണം നടത്തിയവരെ കണ്ടെത്തുകയായിരുന്നു.