എടിഎം തട്ടിപ്പ് കേസ്: റുമേനിയൻ സ്വദേശിക്ക് 21 വർഷം തടവ്
1483310
Saturday, November 30, 2024 6:09 AM IST
തിരുവനന്തപുരം: വെള്ളയന്പലം ആൽത്തറയിലെ എടിഎം കവർച്ച കേസിലെ ഒന്നാം പ്രതിക്ക് ശിക്ഷ. റുമേനിയൻ സ്വദേശി ഇലി ഗബ്രിയേൽ മരിയനെയാണ് ശിക്ഷിച്ചത്. ഏഴു കേസുകളിൽ മൂന്നു വർഷം വീതമാണു ശിക്ഷ.
എന്നാൽ ശിക്ഷ ഒരുമിച്ച് മൂന്നു വർഷം അനുഭവിച്ചാൽ മതി. പ്രതികൾ ഉപയോഗിച്ച സ്മോക്ക് ഡിറ്റക്ടർ, എടിഎം മെഷീൻ കാർഡ് റീഡർ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ തിരിച്ചറിഞ്ഞു. എടിഎം ചാനൽ മാനേജരായ ബിനു, സൈബർ പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ മൊഴി നൽകിയിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേസിലെ ഒന്നാം പ്രതി ഗബ്രിയേൽ മരിയൻ 2016 കാലഘത്തിൽ വെള്ളയന്പലം ആൽത്തറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിൽ കയറി ഇതു ഹാക്ക് ചെയ്യാവുന്ന യന്ത്രം ഘടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചിരിന്നു.
മൊത്തം ആറു പ്രതികളുള്ള കേസിൽ പോലീസ് രണ്ടു പ്രതികളെ ആണ് അറസ്റ്റ് ചെയ്തത്. 2016 ൽ വിചാരണ നടപടികൾ ആരംഭിച്ച ശേഷം പിടികൂടിയ ആറാം പ്രതി ഒളിവിൽ പോയി.
വിനോദ സഞ്ചാരികളെന്ന വ്യജേന തലസ്ഥാനത്ത് എത്തി സംഘം എടിഎം കൗണ്ടറിനകത്ത് ഫയർ അലാറം സിസ്റ്റം എന്ന വ്യജേന ഹാക് ഉപകരണം ഘടിപ്പിച്ച് ഉപഭോക്താക്കളുടെ എ.ടി.എം കാർഡിന്റെ വിവരങ്ങളും രഹസ്യ പിൻകോഡുകളും ശേഖരിച്ച് മൂന്നു കോടി രുപ കവർന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.