വീട്ടുമുറ്റത്തിരുന്ന ബൈക്കും സ്കൂട്ടറും സമൂഹ്യ വിരുദ്ധര്‍ കത്തിച്ചതായി പരാതി
1483307
Saturday, November 30, 2024 6:09 AM IST
ചവറ: വീടിന്റെ മുറ്റത്ത് വച്ചിരുന്ന സ്കൂട്ടറും ബൈക്കും സമൂഹ്യ വിരുദ്ധര്‍ കത്തിച്ചതായി പരാതി. ചവറ കുരിശുംമൂട് മണ്ണാന്റയ്യത്ത് വീട്ടില്‍ ചവറ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു സംഭവം.
സ്റ്റുഡിയോ നടത്തുന്ന ഷാജിയും കുടുംബവും ടെലിവിഷന്‍ കണ്ട് കഴിഞ്ഞ് രാത്രി 12-ന് ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ പുറത്ത് വലിയ രീതിയില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് കതക് തുറന്ന് നോക്കിയപ്പോള്‍ പോര്‍ച്ചിനുള്ളില്‍ ബൈക്കും സ്കൂട്ടറും കത്തുകയായിരുന്നു.
ഉടനേ സമീപവാസികളും ഷാജിയും കൂടി ആളിക്കത്തുന്ന തീ അണച്ചെങ്കിലും ബൈക്കും സ്കൂട്ടറും പൂര്‍ണമായും കത്തി നശിക്കുകയും വീടിന്റെ ജനലിന്റെ ഗ്ലാസ് പൊട്ടുകയും ചെയ്തു.
പെട്രോള്‍ കൊണ്ടു വന്നതായി കരുതുന്ന കുപ്പി വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. പുക കാരണം വീടിന്റെ ഭിത്തി മുഴുവന്‍ കറുത്ത നിറമായിട്ടുണ്ട്. ചവറ പോലീസെത്തി സമീപത്തെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോള്‍ ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും എത്തി പരിശോധന നടത്തി.