നാടകഗ്രാമം നീരാവിൽ
1483298
Saturday, November 30, 2024 5:59 AM IST
കൊട്ടാരക്കര: നാടക മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നീരാവിൽ എന്ന നാടക ഗ്രാമത്തിലേക്ക്. നീരാവിൽ എസ്എൻഡിപി വൈഎച്ച്എസ്എസിലെ യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ആട് പുലിയാട്ടം, എച്ച്എസ് വിഭാഗം അവതരിപ്പിച്ച ടെൻ ഡി റാപ്പേഴ്സ്, എച്ച്എസ്എസ് വിഭാഗം അവതരിപ്പിച്ച കക്കൂസ് എന്നീ നാടകങ്ങളാണ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.
മൂന്ന് വിഭാഗത്തിലും മികച്ച നടനുള്ള സമ്മാനവും നീരാവിലെ കുട്ടികൾക്ക് തന്നെ. മൂന്ന് സമ്മാനങ്ങളും ഒരു സ്കുളിന് ലഭിക്കുന്നത് ചരിത്രത്തിലാദ്യം.
എലിയെ പുലിയാക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ ആവിഷ്കാരത്തിലൂടെ ഗ്രാമീണ ജീവിതത്തിന്റെ രാഷ്ട്രീയം പറയുന്നതാണ് ആട് പുലിയാട്ടം. സ്കൂൾ അസംബ്ലിയിൽ ഒരു പൊളിച്ചെഴുത്ത് വേണം... വൈബായ് പൊളിയായ് സീനായി ഫ്രീക്കായി അസംബ്ലി ചടുലമാകണം.
ന്യൂജൻ ചിന്തകളും റാപ്പുമായി 10 ഡിയിലെ ഒരു സംഘം കുട്ടികൾ സ്വപ്നം കാണുന്ന പുത്തൻ പള്ളിക്കൂടമാണ് ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവതരിപ്പിച്ച ടെൻ ഡി റാപ്പേഴ്സ്.
പഠിക്കുന്ന കുട്ടികൾക്ക് എ, പഠിക്കാത്ത കുട്ടികൾക്ക് ഡി എന്നിങ്ങനെ പ്രത്യേകം ഡിവിഷൻ തുടങ്ങിയ വിവേചനങ്ങളൊന്നും ഇല്ലാത്ത സർഗാത്മക സമത്വസുന്ദര സ്കൂൾ നാടകം വിഭാവനം ചെയ്യുന്നു. ദുർഗന്ധം പേറുന്ന മതവർഗീയ സംഘങ്ങളെ തുറന്നു കാട്ടുന്നതാണ് എച്ച്എസ്എസ് വിഭാഗം നാടകം.
മതപൗരോഹിത്യത്തിന്റെ നെഞ്ചത്ത് മാലിന്യം വാരിയ കൈ പതിക്കുമ്പോൾ നാടകത്തിന്റെ രാഷ്ട്രീയം ഏറെ ഉച്ചത്തിലും അത്രമേൽ തീവ്രതയിലും കാണികളോട് സംവദിക്കുന്നു.
സമ്മാനാർഹമായ മൂന്ന് നാടകങ്ങളുടെയും രചനയും സംവിധാനവും നിർവഹിച്ചത് അമാസ് എസ്. ശേഖറാണ്. അമാസിന്റെ നേതൃത്വത്തിൽ പ്രകാശ് കലാകേന്ദ്രത്തിൽ നടക്കുന്ന നാടക കളരിയിലെ കുട്ടികളാണ് നാടകങ്ങളിൽ വേഷമിട്ടത്.
സ്കൂൾ ഓഫ് ഡ്രാമയിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അമാസ്. എച്ച്എസ് വിഭാഗം നാടകം ടെൻ ഡി റാപ്പേഴ്സിൽ കേശവൻ എന്ന വിദ്യാർഥിയായി ആൺവേഷമിട്ട ആയിഷ എന്ന പെൺകുട്ടിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
ആട് പുലിയാട്ടത്തിലെ മെമ്പറുടെ വേഷമിട്ട അനന്ദു യു. വിജയ്, കക്കൂസിലെ ജോയിയെ അവതരിപ്പിച്ച വിഷ്ണു എന്നിവരാണ് മറ്റ് വിഭാഗങ്ങിലെ മികച്ച നടന്മാർ.