ഒരാഴ്ചയായി കാണാതായ വിദ്യാർത്ഥി മണ്ണയത്ത് മുങ്ങിമരിച്ചനിലയിൽ
1483138
Friday, November 29, 2024 10:39 PM IST
ചാത്തന്നൂർ: ഒരാഴ്ചയായി കാണാതായ വിദ്യാർഥിയെ മണ്ണയത്ത് മുങ്ങിമരിച്ചനിലയിൽ കണ്ടെ ത്തി. ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയതോടെയാണ് വിദ്യാർഥിയെ കാണാതായത്. ഒപ്പം കുളിക്കാനിറങ്ങിയവർ രക്ഷപ്പെടുകയും വിവരം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്തപ്പോൾ കൂട്ടുകാർ സത്യം തുറന്നു പറഞ്ഞു. തുടർന്ന് ഇത്തിക്കരയാറ്റിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം സ്കൂബാ ടീം കണ്ടെടുത്തു.
23 ന് കല്ലുവാതുക്കലിൽനിന്നും കാണാതായ വരിഞ്ഞം കാരൂർകുളങ്ങര തുണ്ടുവിളവീട്ടിൽ രവിയുടെയും അംബികയുടെയും മകൻ അച്ചു (18) വിന്റെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ അടുതല മണ്ണയംകടവിന് സമീപത്തുനിന്നും ഫയർഫോഴ്സ് സ്കൂബാ ടീം കണ്ടെടുത്തത്.
മകനെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ 23നു നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചുവിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മണ്ണയംകടവിൽ കുളിക്കാനിറങ്ങിയെന്ന വിവരം ലഭിക്കുന്നത്. അച്ചു ഒഴുക്കിൽപ്പെട്ടു കാണാതായതോടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുകയും വിവരം രഹസ്യമായി സൂക്ഷിക്കുകയുമായിരുന്നു.
പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് പറഞ്ഞത്. ഈവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഫയർഫോഴ്സും സ്കൂ ബാടീമും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നല്കും. പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ നടപടികൾ സ്വീകരിച്ചു വരുന്നു.