സിപിഎം ചാത്തന്നൂർ, പരവൂർ ഏരിയാ സമ്മേളനം : നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
1483025
Friday, November 29, 2024 6:59 AM IST
ചാത്തന്നൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും മന്ത്രി വീണാ ജോർജിനും കൊല്ലം ജില്ലാ നേതൃത്വത്തിനുമെതിരെ സിപിഎം ചാത്തന്നൂർ ഏരിയാ സമ്മേളനത്തിൽ രൂക്ഷവിമർശനം. സിപിഎം ഭരണം നടത്തുന്ന സഹകരണ ബാങ്കുകൾ നഷ്ടത്തിലും കടത്തിലുമായി തകർച്ചയിലേക്കു പോകുന്നതിനെതിരെയും സമ്മേളന പ്രതിനിധികൾ പ്രതികരിച്ചു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണാ വിജയൻ സ്വീകരിച്ചത് അനധികൃത പണമാണെന്ന് കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധിയാണ് ആക്ഷേപം ഉന്നയിച്ചത്. അഴിമതിപ്പണമല്ലെന്നും സോഫ്റ്റ് വെയർ ഡവലപ് ചെയ്തതിന്റെ പ്രതിഫലമാണെന്നുമായിരുന്നു ഇതിനു മറുപടി.
മുഖ്യമന്ത്രിയുടെ മകൾ സമ്മേളന ചർച്ചയിൽ വിഷയമായത് നേതൃത്വത്തെ ഞെട്ടിച്ചു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ പുതിയ വകുപ്പുകൾ അനുവദിക്കാത്തതും തസ്തികകളിൽ നിയമനം നടത്താത്തതും ചികിത്സാ ഉപകരണങ്ങൾ വാങ്ങാത്തതും കൊല്ലത്തെ സഹകരണ -സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടി മന്ത്രി വീണാ ജോർജ് ശ്രമിക്കുന്നതിനാലാണെന്ന് പാരിപ്പള്ളി ലോക്കൽ കമ്മിറ്റിയിലെ പ്രതിനിധികളാണ് ആരോപിച്ചത്.
മികച്ച നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ചാത്തന്നൂർ റീജണൽ സഹകരണ ബാങ്കും നടയ്ക്കൽ സർവീസ് സഹകരണ ബാങ്കും നെടുങ്ങോലം സർവീസ് സഹകരണ ബാങ്കും നഷ്ടത്തിലും കടത്തിലുമായതിനെക്കുറിച്ചും രൂക്ഷ വിമർശനമുണ്ടായി. ഈ അവസ്ഥ തുടർന്നാൽ സഹകരണ ബാങ്കുകളെ ജനങ്ങൾ അവഗണിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തുമെന്നും പ്രതിനിധികൾ മുന്നറിയിപ്പു നല്കി.
ചിറക്കര പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ കൂട്ടുനിന്നതും ഭരണം കോൺഗ്രസിലേക്ക് എത്തിച്ചതും സിപിഎം നേതാക്കൾ തന്നെയാണെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം.
ചാത്തന്നൂർ റീജണൽ ബാങ്കിലെ അഴിമതിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയ കെ.കെ. നിസാറിന് പാർട്ടിയിൽ നിന്ന് രാജിവച്ച് പോകേണ്ടിവന്നു. ചിറക്കര പഞ്ചായത്ത് ഭരണം അട്ടിമറിച്ചതിനെതിരെ പരാതി നല്കിയ ലോക്കൽ സെക്രട്ടറി ഉല്ലാസിനും രാജിവച്ച് പുറത്തു പോകേണ്ടി വന്നു. ജില്ലാ കമ്മിറ്റിയ്ക്ക് നൽന്ന ഒരു പരാതികളിലും അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ലെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ചാത്തന്നൂർ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികൾ ആരോപിച്ചു.
പരവൂരിൽ നടന്ന ഏരിയാ സമ്മേളനത്തിൽ നേതൃത്വത്തിനും സംസ്ഥാന ഭരണത്തിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ശക്തമായ വിമർശനങ്ങൾ വന്നതോടെ സമ്മേളന നിയന്ത്രണം രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന സമിതി അംഗവും ചേർന്ന് ഏറ്റെടുത്തു. സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് സംഘടന ചർച്ചയിൽ നേതാക്കൾ ഇടപെടാൻ തുടങ്ങിയത്.
സംസ്ഥാന സമിതി അംഗം മൂന്ന് മണിയോടെ ചർച്ച അവസാനിപ്പിച്ച് ചായയ്ക്കായി പിരിഞ്ഞതോടെ സമ്മേളനവും വഴിപാടായി അവസാനിപ്പിക്കുകയായിരുന്നു.
പാർട്ടിയുടെ കീഴ്ഘടകങ്ങളുടെ അതൃപ്തി പൊട്ടിത്തെറിയായി ഏരിയ സമ്മേളനത്തിൽ രൂപപ്പെട്ടില്ലെങ്കിലും നേതാക്കൾ നടത്തുന്ന അഴിമതിയും സാന്പത്തിക ഇടപാടുകളും പാർട്ടിക്ക് കടുത്ത ആഘാതം ഏൽപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ചാത്തന്നൂർ ഏരിയ സമ്മേളനത്തിൽ തിരുത്തൽ രേഖയും ബദൽ റിപ്പോർട്ടുകളും സംഘടിതമായി തന്നെ അവതരിപ്പിച്ചത് സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്താണ് സമ്മേളനം അവസാനിപ്പിച്ചത്.
പാർട്ടി നേതാക്കളെ വിമർശിച്ച് ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയും നേതൃത്വത്തിന് വെല്ലുവിളിയായി. ഇനിയും അഴിമതിക്കാരെ സംരക്ഷിച്ചാൽ അത് പാർട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്കി. തൽക്കാലം മുഖം രക്ഷിക്കാൻ മത്സരം ഒഴിവാക്കി സർവസമ്മതനെ സെക്രട്ടറിയാക്കി തലയൂരുകയായിരുന്നു.
പ്രതിസന്ധി മറികടക്കാൻ നിലവിലുള്ള ഏരിയ സെക്രട്ടറി കെ.സേതുമാധവനെ മാറ്റി പി.വി. സത്യൻ പുതിയ ഏരിയ സെക്രട്ടറിയായി. പതിവിനു വിപരീദമായി സംസ്ഥാന സമിതി അംഗം ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഏരിയ കമ്മിറ്റിയിൽ മത്സരം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തത്.
ഏരിയാ കമ്മിറ്റിയിൽ നിന്ന് നിലവിലുണ്ടായിരുന്ന അഡ്വ. എസ്. ശ്രീകുമാർ, വി. രഘുനാഥ് എന്നിവരെ ഒഴിവാക്കി. ചാത്തന്നൂർ റീജണൽ ബാങ്ക് പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണൻ നായർ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് സ്വയം ഒഴിവായി. ഷിജിൻ ദാസ്, ആർ.എം. ഷിബു, ആദർശ് സജി എന്നിവരാണ് പുതിയതായി ഏരിയാ കമ്മിറ്റിയിൽ എത്തിയത്.