ചെക്കൻ വെറും പുലിയല്ല... ഒരു സിംഹം !
1483021
Friday, November 29, 2024 6:59 AM IST
കൊട്ടാരക്കര: കുച്ചിപ്പുടി മത്സരവേദിയിൽ നരസിംഹാവതാരം രംഗത്ത് അവതരിപ്പിച്ച് മയ്യനാട് എച്ച്എസിലെ മാധവ്.ഡി ഒന്നാം സ്ഥാനം നേടി.
നരസിംഹാവതാരത്തിൽ വിഷ്ണു വിരോധിയായ ഹിരണ്യാക്ഷനും പ്രഹ്ളാദനും തമ്മിലുള്ള തർക്കവും ഒടുവിൽ പ്രഹ്ളാദനെ രക്ഷിക്കാനായി നരസിംഹം തൂണ് പിളർന്ന് വരുന്നതും വാതിൽപ്പടിയിൽ ഹിരണ്യാക്ഷനെ മാറ് പിളർന്ന് വധിക്കുന്നതുമായ കഥാസാരം തന്മയത്വത്തോടെ രംഗത്ത് അവതരിപ്പിച്ചാണ് ഈ കലാകാരൻ കാണികളുടെ പ്രശംസ നേടിയത്.
ഭാവ ചലനങ്ങൾ മിന്നി മറഞ്ഞ പ്രകടനത്തിൽ മാധവ് മിന്നൽ പിണർ ആയി മാറി എന്നു തന്നെ പറയാം. മയ്യനാട് എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മാധവ്. ഗുരു രമ്യാ പ്രഭുവിന്റെ ശിക്ഷണത്തിലാണ് മാധവ് നൃത്തം അഭ്യസിക്കുന്നത്.
പിതാവ് ബൈജു, മാതാവ് ദീപ എന്നിവർ സ്റ്റുഡിയോ വർക്ക് ചെയ്യുന്നവരാണ്. "ഭക്ത ഹൃദയേശു പീയൂഷ രൂപം നവഭവമോചകം നരസിംഹാവതാരചരിതം...'' എന്നു തുടങ്ങിയ കീർത്തനത്തോടെ വേദിയിൽ കത്തിക്കയറിയ മാധവ് ഏവരുടേയും മനം കവരുന്ന പ്രകടനം കാഴ്ചവച്ചാണ് വിജയകിരീടം ചൂടിയത്.