ഡോ. വന്ദനദാസ് വധക്കേസ്; പരിഗണിക്കുന്നത് 27 ലേക്ക് മാറ്റി
1479017
Thursday, November 14, 2024 6:17 AM IST
കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 27 ലേക്ക് മാറ്റി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലെ പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് മാനസികനില പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. പരിശോധനാ റിപ്പോര്‍ട്ട് കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയിലോ, സുപ്രീംകോടതിയിലോ സമര്‍പ്പിച്ചിട്ടില്ല.
ഇതേതുടര്‍ന്ന് കേസിന്റെ തുടര്‍ നടപടികള്‍ നീണ്ടു പോകുകയാണ്. ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം പ്രധാനമായി ഉന്നയിച്ചിരിക്കുന്നത് സന്ദീപിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ്. ഈ സാഹചര്യത്തിലാണ് പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശ പ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക ബോര്‍ഡ് തയാറാക്കണം. ഇവര്‍ ജയിലിലെത്തി സന്ദീപിനെ പരിശോധിച്ച് റിപ്പോര്‍ട്ട് സുപ്രീംകോടതിയിലും കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയിലും സമര്‍പ്പിക്കണം.
അതിനുശേഷം സുപ്രീംകോടതിയുടെ ഉത്തരവിന് പ്രകാരമായിരിക്കും കേസിന്റെ വിചാരണ നടപടികള്‍ തുടരുക. വന്ദനദാസ് കൊല്ലപ്പെട്ടശേഷം സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്ത സമയത്ത് നടത്തിയ പരിശോധനയില്‍ മാനസികനിലയില്‍ കുഴപ്പങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
കഴിഞ്ഞ ഒക്ടോബര്‍ 30 ന് കേസില്‍ സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ കേസിന്റെ തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ ഹാജരായി.