കാണികൾക്ക് നവ്യാനുഭവവും ആവേശവുമായി കുറുങ്ങൽ ഏലായിൽ നടീൽ ഉത്സവവും ഓട്ടമത്സരവും
1478780
Wednesday, November 13, 2024 6:40 AM IST
ചാത്തന്നൂർ: കുറുങ്ങൽ ഏലായിൽ കർഷക കൂട്ടായ്മയുടെ ഭാഗമായി നടീൽ ഉത്സവവും ചേറ്റിൽ റിലേ ഓട്ടമത്സരവും നടത്തി. ചാത്തന്നൂർ ഭാഗീരഥീ ഭവനിൽ ഏഷ്യാഡ് ജേതാവ് ശ്യാംകുമാറിന്റെ ഉടമസ്ഥതയിലുള്ള നിലത്തിൽ അദ്ദേഹത്തിന്റെപിതാവും ചാത്തന്നൂർ പഞ്ചായത്തിലെ ആദ്യ കാല നെൽകർഷക പുരസ്കാര ജേതാവുമായ കുമാരു ഗോപിയുടെ പതിന്നാലാം വാർഷിക സ്മൃതിദിനത്തിന്റെ ഭാഗമായാണ് വയലിൽ റിലേ ഓട്ട മത്സരം സംഘടിപ്പിച്ചത്.
പൂട്ടി ഒരുക്കിയ വയലിൽ റിലേ ഓട്ടമത്സരവും തുടർന്ന് കുറുങ്ങൽ ഏലായിലെ പാടശേഖരത്തിലെ രണ്ടാം കൃഷി നടീൽ ഉദ്ഘാടനവും ചാത്തന്നൂർ കൃഷി ഭവന്റെയും ചേനമത്ത് കുറുങ്ങൽ ഏലാ നെല്ലുൽപാദക സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് നടത്തിയത്.
ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രകുമാർ ഞാറ് നടീൽ ഉത്സവവും മുൻ പഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു ചേറ്റോട്ടറിലേ മത്സരവും ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു. മികച്ച കർഷക തൊഴിലാളി സഞ്ജുവിനെ ബി എസ് എഫ് റിട്ട ഇൻസ്പെക്ടർ ജി.ആർ. ഗോപകുമാർ ആദരിച്ചു.
ഏലാവികസന സമിതി പ്രസിഡന്റ് മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. ഏലാ വികസന സമിതി സെക്രട്ടറി ആർ.എസ് .പ്രകാശ്, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം രേണുക രാജേന്ദ്രൻ, ചാത്തന്നൂർ കൃഷി ഓഫീസർ മനോജ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. റിട്ട.ജയിൽ ഓഫീസർ സി. സുരേന്ദ്രൻ ഉൾപ്പെടെ ഒട്ടനവധി പൗര പ്രമുഖർ സന്നിഹിതരായിരുന്നു.