പുനലൂരിൽ ദേശീയപാത ബിജെപി പ്രവർത്തകർ ഉപരോധിച്ചു
1478749
Wednesday, November 13, 2024 6:26 AM IST
പുനലൂർ: മണ്ഡലകാലത്ത് പുനലൂർ ടിബി ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടത്താവളമായ മിനി പമ്പയിൽ നാഷണൽ ഹൈവേയുടെ പാർക്കിംഗ് ഏരിയകൾ കച്ചവടക്കാർ കൈയേറി കടകൾ സ്ഥാപിച്ചിട്ടും പാർക്കിംഗ് ഏരിയകൾ പുനസ്ഥാപിക്കാനോ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനോ തയാറാവാത്ത അധികൃരുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പുനലൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത് പരവട്ടത്തിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ നാഷണൽ ഹൈവേ കൊല്ലം കോട്ടവാസൽ പാത ഉപരോധിച്ചു.
ടിബി ജംഗ്ഷനിലെ കൈയേറ്റം നടത്തിയ മിനി പമ്പയിലെ നാഷണൽ ഹൈവേ ഓഫീസിലായിരുന്നു ഉപരോധം. അനധികൃതമായി പാർക്കിംഗ് ഏരിയകൾ കൈയേറി കടകൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട പരാതി നൽകാൻ ബിജെപി പ്രവർത്തകർ എത്തിയപ്പോൾ നാഷണൽ ഹൈവേയുടെ ചുമതലയുള്ള ഓഫീസിൽ പരാതി സ്വീകരിക്കാനോ കൃത്യമായ മറുപടി പറയാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഒരു മണിക്കൂറോളം നാഷണൽ ഹൈവേ ഓഫീസിനു മുന്നിൽ ഇരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർ തുടർന്ന് പ്രകടനവുമായി ടി ബി ജംഗ്ഷനിൽ എത്തുകയും നാഷണൽ ഹൈവേ ഉപരോധിക്കുകയും ആയിരുന്നു. അര മണിക്കൂറോളം നാഷണൽ ഹൈവേ ഉപരോധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അനധികൃതമായി പാർക്കിംഗ് ഏരിയായിൽ കൈയേറി അയ്യപ്പസീസൺ മറയാക്കി കടകൾ നിർമിച്ചത് ഒഴിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി മുന്നോട്ടു പോകുമെന്ന് രഞ്ജിത്ത് പരവട്ടം പറഞ്ഞു. ഇത്തരക്കാർ പാർക്കിംഗ് ഏറിയ കൈയേറി കടകൾ നിർമിച്ചതിനാൽ സീസൺ തുടങ്ങി കഴിഞ്ഞാൽ മണിക്കൂറുകളോളം നീളുന്ന ബ്ലോക്ക് ആണ് ടൗണിൽ അനുഭവപ്പെടുന്നത്. നഗരസഭ സെക്രട്ടറിയുടെയും നഗരസഭ ഭരണസമിതിയുടെയും അനുമതിയോടെയാണ് ഇത്തരക്കാർ നാഷണൽ ഹൈവേ കൈയേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റുമാരായ അനീഷ് അഷ്ടമംഗലം, വത്സല ദിനേശൻ, യുവമോർച്ച പുനലൂർ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേന്ദ്രൻ, കർഷക മോർച്ച ജില്ലാ സെക്രട്ടറി ഇടമൺ റെജി, ബിജെപി പുനലൂർ മണ്ഡലം സെക്രട്ടറി പ്രിൻ പ്രസാദ്, ബിജെപി നേതാക്കളായ, പുനലൂർ അജി, ഷാജി പാപ്പന്നൂർ, അനിൽ, സിന്ദൂ രമേശ്, റാണി ഝാൻസി, രഥുൻ രവീന്ദ്രൻ,കാർത്തിക ശശി, മനു ആഷിൻ, സുജിത്ത് കലയനാട് തുടങ്ങിയവർ നേതൃത്വം നൽകി.