ശിശുദിന റാലി; കുട്ടികള്‍ക്ക് നാടന്‍ വിഭവങ്ങള്‍ നല്‍കും
1478746
Wednesday, November 13, 2024 6:26 AM IST
കൊല്ലം: ഇത്തവണ ശിശുദിന റാലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രുചിയൂറുന്ന നാടന്‍ വിഭവങ്ങള്‍ നല്‍കും. മരച്ചീനി, കാച്ചില്, ചേമ്പ്, നാടന്‍ പഴം, ഏത്തക്ക, തെരളിയപ്പം, ഇലയപ്പം, അവില് കുതിര്‍ത്തത്, കരിപ്പട്ടിക്കാപ്പി തുടങ്ങിയവയാണ് നല്‍കുക. ആരോഗ്യകരമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ വിഭവങ്ങള്‍ നല്കാന് തീരുമാനിച്ചതെന്ന് ശിശുക്ഷേമ സമിതി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എന്‍ .ദേവിദാസ് പറഞ്ഞു.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, ട്രഷറര്‍ എന്‍. അജിത് പ്രസാദ് എന്നിവര്‍ ജില്ലാ കൃഷി ഓഫീസര്‍ രാജേഷ് കുമാറില്‍ നിന്ന് വിഭവങ്ങള്‍ ഏറ്റുവാങ്ങി.
നാടന്‍ ആഹാരശീലം പ്രോത്സഹിപ്പിക്കുന്നതിന് ശിശുക്ഷേമ സമിതി നിരവധി കാമ്പയിനുകള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നുവെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കോണ്‍ക്ലേവും ജില്ലയില്‍ സംഘടിപ്പിക്കും.
ആനപ്പാപ്പാന്മാര്ക്ക് പരിശീലനം
കൊല്ലം: ജില്ലയിലെ ആനപ്പാപ്പാന്മാര്ക്ക് 16ന് കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്ട്രെയിനിംഗ് സെന്ററില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ആനപ്പാപ്പാന്മാരും പങ്കെടുക്കണമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍: 0474- 2748976.