‘പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നൽകണം’
1478301
Monday, November 11, 2024 6:23 AM IST
കുളത്തൂപ്പുഴ: തൊഴിലിടങ്ങളില്‍ വിവിധ തരത്തിലുള്ള അപകടങ്ങളിലും മറ്റും പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെടിയുസി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മന്‍. കുളത്തൂപ്പുഴയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുളത്തൂപ്പുഴ പ്രദേശത്ത് വിവിധ സംഭവങ്ങളിലായി തൊഴിലെടുക്കുന്നതിനിടെ പാമ്പു കടിയേറ്റും, കാട്ടാന, കാട്ടുപന്നി, കടന്നല്, മലയണ്ണാന് എന്നിവയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓയില്‍പാം എസ്റ്റേറ്റില്‍ കാടു വെട്ടിതെളിക്കുന്നതിനിടെ കരാര്‍ ജീവനക്കാരി ബേബി സുരേന്ദ്രന്റെ കാല്പാദം കാട്ടുപന്നിയുടെ ആക്രമണത്തില്‍ അറ്റു പോയിരുന്നു.
എന്നാല്‍ ഇവര്‍ക്കാവശ്യമായ നഷ്ടപരിഹാരമോ ആവശ്യമായ സംരക്ഷണമോ നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ല. തൊഴിലിടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ് കുട്ടി അധ്യക്ഷത വഹിച്ചു. സദാനന്ദന്, സജീര്‍, സ്റ്റാലന് ജോസ്, ഭാസ്കരന്, മിനി സാം, ഹസീന, അംബിക, സുജ തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.